മലപ്പുറം: തിരുനാവായയിൽ റെയിൽ പാളത്തിന് കുറുകെ ഇരുമ്പ് കമ്പികൾ കണ്ടെത്തി. അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ആന്ധ്ര സ്വദേശിയാണെന്നാണ് സൂചന. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ട് മുമ്പാണ് പാളത്തിലെ കമ്പി ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു എന്നാണ് സൂചന. മാനസികരോഗിയാണെന്ന സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്.
കേരളത്തിൽ ഈയിടെയായി റെയിൽപാളത്തിൽ സമാനമായ വസ്തുക്കൾ വച്ച് ട്രെയിൻ അപകടം ഉണ്ടാക്കാൻ ശ്രമിച്ച കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. തിരുനാവായ ഭാഗത്ത് ട്രാക്കിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇത്തരം ലോഹഭാഗങ്ങൾ നിരവധി ട്രാക്കിന് സമീപമുണ്ട്. ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് ലോഹഭാഗങ്ങൾ കണ്ടെത്തിയത്. പിടിയിലായ വ്യക്തി കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടന്നതായി റിപ്പോർട്ടുകളുണ്ട്.

