Monday, December 22, 2025

തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ നിയമനത്തിൽ അട്ടിമറിയെന്ന് പരാതി; ശബരിമല സന്നിധാനത്തടക്കം സാന്നിധ്യം ഉണ്ടാകേണ്ട പി ആർ ഒ എഴുത്തു പരീക്ഷയിൽ ഒന്നാമതെത്തിയത് വനിത; ഒഴിവാക്കാനായി ഇന്റർവ്യൂ മാർക്ക് വെട്ടിക്കുറച്ചെന്ന് ആരോപണം

തിരുവനന്തപുരം: ദേവസ്വം ബോർഡ് പി ആർ ഒ തസ്‌തികയിൽ നിയമന അട്ടിമറിയെന്ന് പരാതി. എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയ വനിതയെ ഒഴിവാക്കാനായി ഇന്റർവ്യൂ മാർക്ക് വെട്ടിക്കുറച്ചെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. വിഷയം ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ നിതയാണ് പരാതിക്കാരി. തീർത്ഥാടന കാലത്ത് ശബരിമല സന്നിധാനതടക്കം മുഴുവൻ സമയ സാന്നിധ്യം ഉണ്ടാകേണ്ട ഓഫിസറാണ് പി ആർ ഒ. ഈ സ്ഥാനത്തേക്കുള്ള എഴുത്തുപരീക്ഷയിലാണ് ഒരു വനിത ഒന്നാമതെത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ലെന്ന അറിയിപ്പ് ദേവസ്വം ബോർഡ് നൽകിയിരുന്നില്ല. തുടർന്ന് പുരുഷനെ നിയമിക്കാനായി നിതയുടെ ഇന്റർവ്യൂ മാർക്ക് വെട്ടിക്കുറച്ചെന്നാണ് ആരോപണം

എഴുത്തുപരീക്ഷയിൽ നൂറിന് എഴുപത് മാർക്ക് നേടിയ നിതയാണ് ഒന്നാമതെത്തിയത്. ഇപ്പോൾ നിയമനം നേടിയയാൾക്ക് കിട്ടിയത് 67 മാർക്കായിരുന്നു. തുടർന്ന് രണ്ടാം റാങ്കുകാരന് ഇന്റർവ്യൂവിന് ഏഴു മാർക്ക് നൽകുകയും നിതയുടെ മാർക്ക് മൂന്നായി ചുരുക്കുകയും ചെയ്‌തു. അതോടെ പുരുഷ ഉദ്യോഗാർത്ഥി 74 മാർക്കോടെ ഒന്നാം സ്ഥാനത്തായി. ഇന്റർവ്യൂവിൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായും മെയിൽ ലിസ്റ്റിൽ തനിക്കല്ലാതെ മറ്റാർക്കും ഇത്രയും താഴ്ന്ന മാർക്കില്ലെന്നും അതുകൊണ്ടുതന്നെ അർഹതയുള്ള തന്നെ നിയമനത്തിൽ നിന്നൊഴിവാക്കിയതാണെന്നും നിത ആരോപിക്കുന്നു. ഈ വിഷയത്തിൽ നിതയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.

ജൂലൈ ആറിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒൻപതിന് തന്നെ ഒന്നാം റാങ്കുകാരന് അഡ്വൈസ് നൽകുകയും പത്തിന് നിയമനം നടത്തുകയും ചെയ്‌തു. ഇത് അസാധാരണ വേഗതയാണെന്നും തന്റെ ഹർജി ഹൈക്കോടതിയിലെത്തിയതിനാൽ നിയമനം വേഗത്തിലാക്കിയതും ദേവസ്വം പി ആർ ഒ സ്ഥാനത്തേക്ക് വനിതകളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന ആവശ്യവുമായി ചില ജീവനക്കാർ ഈ സമയത്ത് തന്നെ ഹൈക്കോടതിയെ സമീപിച്ചതും ഇക്കാര്യത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായി നിത ആരോപിക്കുന്നു.

Related Articles

Latest Articles