Sunday, December 21, 2025

ടിക്കറ്റില്ലാതെ യാത്ര! തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി; വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പോലീസ്

ഷൊർണൂർ: തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി. തിരുപ്പതി-സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്സിലാണ് സംഭവം. തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ശൗചാലയത്തിനുള്ളിലിരുന്നത്.

ചെങ്ങന്നൂരിലെത്തിയപ്പോഴാണ് ഇയാൾ ശൗചാലയത്തിൽ കയറിയതെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. ടിക്കറ്റ് പരിശോധകനുൾപ്പെടെ ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പുറത്തിറങ്ങിയില്ല. ഇതോടെ, പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ഷൊർണൂർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ശേഷം തീവണ്ടി ഷൊർണൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസും റെയിൽവേ സുരക്ഷാസേനയും സാങ്കേതികവിദഗ്ധരും ശൗചാലയത്തിന്റെ വാതിൽ പൊളിച്ച് യാത്രക്കാരനെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ തീവണ്ടിയിൽ നിന്നു ഇറക്കിവിട്ടു. പ്ലാറ്റ്‌ഫോമിൽ അലഞ്ഞുനടക്കുന്നയാളാണ് ശൗചാലയത്തിൽ കയറി പൂട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles