തൃശൂര്‍: തൃശൂർ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ വെള്ളക്കെട്ടിൽ മീന്പിടിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ശക്തമായ മഴ നിലനിന്നിരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. ഏഴ് പേരാണ് ഇന്ന് മഴക്കടുതിയില്‍ ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ മരണം ഇരുപതായി.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് 178 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.

