തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഉണ്ണിക്ക് 21 വയസ്സാണ്. സുമിക്ക് 18ഉം. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഉണ്ണി സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം.
ഉണ്ണിയും സുമിയും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുറച്ച് നാളായി ഇരുവരും തമ്മിൽ പിണക്കം ഉണ്ടായിരുന്നു. ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ഞായറാഴ്ച രാത്രി 9 മണിയോടെ ഇരുവരെയും കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

