Saturday, December 13, 2025

യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അതിക്രമം : അഖിലിനെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് എന്ന് സാക്ഷിമൊഴി;പ്രതികളെ സ്റ്റുഡന്‍റ് സെന്‍ററില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ശിവരഞ്ജിത്തിനും നസീമിനും പുറമെ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. കൂടുതൽ കുട്ടികളും എസ്എഫ്ഐക്കെതിരെ ഇന്ന് രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

അതേ സമയം മുഴുവന്‍ പ്രതികളും കേരള സര്‍വ്വകലാശാല യൂണിയൻ ഓഫീസായ സ്റ്റുഡന്‍റ് സെന്‍ററിലുണ്ടെന്ന് മറ്റു വിദ്യാർഥികൾ പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല

Related Articles

Latest Articles