Thursday, May 9, 2024
spot_img

പാലാരിവട്ടം മേൽപ്പാലം പൂർണ്ണമായും പൊളിക്കണ്ട; മൂന്നിലൊന്നു ഭാഗം പുതുക്കിപണിയേണ്ടി വരുമെന്ന് ഇ ശ്രീധരൻ

കൊച്ചി: ​ബലക്ഷയത്തെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപ്പാലം പൂർണ്ണമായും പൊളിക്കേണ്ടതില്ലെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധരൻ. പാലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം പുതുക്കി പണിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല. പക്ഷേ സ്പാനുകൾക്ക് തകരാറുണ്ടെന്നും ഇവ നീക്കം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് പാലത്തിന്‍റെ പുനർനിർമ്മാണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇ ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലത്തിന് കാര്യമായ ബലക്ഷയം ഉണ്ടെന്നും അറ്റകുറ്റപ്പണിക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിൽ ഇ ശ്രീധരൻ പ്രധാനമായും ശുപാർശ ചെയ്തത്.
അതേസമയം, പാലത്തിലെ ഗാർഡറുകളിലും പിയർ ക്യാപ്പിലുമുള്ള വിള്ളലുകൾ രേഖപ്പെടുത്തുന്ന നടപടി വിജിലൻസ് തുടങ്ങി. പാലത്തിലുണ്ടായ വിള്ളലുകൾ കൂടുതൽ വികസിക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. വിള്ളലുകളുടെ വ്യാപ്തി വാഹനം പോകാതെതന്നെ കൂടുകയാണെങ്കിൽ നിർമ്മാണത്തിൽ വൻ അഴിമതി നടന്നെന്ന് അനുമാനിക്കേണ്ടിവരുമെന്നാണ് വിജിലൻസ് പറയുന്നത്.

Related Articles

Latest Articles