രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന് പിന്തുണ പിൻവലിച്ചതിന് പിന്നാലെ ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞു.മേഹം എം എൽ എയായ ബൽരാജ് കുണ്ടുവാണ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയത്. ഇനി ഗവർണർ ബന്ദാരു ദത്താത്രേയയുടെ നിലപാടാണ് ഏറ്റവും നിർണായകമാകുക.
അതേസമയം ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ ജെജെപിയിൽ തുടങ്ങിയ തർക്കം പൊട്ടിത്തെറിയിലെത്തി. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെജെപി അദ്ധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടൊഹാന എം എൽ എ ദേവേന്ദ്ര സിംഗ് ബബ്ലിയാണ് പരസ്യമായി മുന്നറിയിപ്പ് നൽകി. ജെജെപി ആരുടെയും കുടുംബ പാർട്ടി അല്ലെന്നും ബബ്ലി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ കണ്ട നാല് ജെ ജെ പി എം എൽ എമാരിൽ ഒരാളാണ് ബബ്ലി. ജെജെപിക്ക് നിയമസഭയില്‍ 10 അംഗങ്ങളുണ്ട്.
ബബ്ലിയടക്കം മൂന്ന് പേർക്ക് ജെ ജെ പി കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി നായബ് സൈനി ഇന്നും ആവർത്തിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പിന്നീടിവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറയുകയും ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാൻ കഴിയില്ല.

