ആലപ്പുഴ: ആലപ്പുഴയിൽ പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേശീയപാതയില്‍ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം നടന്നത്.
പിക്കപ്പ് വാനിന്റെ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വാസുദേവന്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാസുദേവന്‍ എത്തിയ സൈക്കിള്‍ പിക്കപ്പ് വാനിന് സമീപത്തായി തന്നെയുണ്ട്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടയില്‍ ദേശീയവപാത പൊന്നാംവെളിയില്‍വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. തുടർന്ന് റോഡിനരികിലേക്ക് വാഹനം ഒതുക്കിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി സൈക്കിളില്‍ വന്ന വാസുദേവന്‍ എന്നയാളും ബിജുവിനെ സഹായിച്ചു.
പിന്നീട് രണ്ടുപേരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പറയുന്നത്.
എന്നാൽ സംഭവ സ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു. ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം വാഹനം നിര്‍ത്തിയിട്ടത് കണ്ടിട്ടില്ല എന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴിയെന്ന് പോലീസ് അറിയിച്ചു.

