Sunday, January 4, 2026

പോലീസുകാരുടെ ജീവനെടുത്തത് കാട്ടുപന്നിയെ നിയമ വിരുദ്ധമായി വേട്ടയാടാൻ ഉപയോഗിക്കുന്ന വൈദ്യുത കെണി; ഷോക്കേറ്റ് മരിച്ച പോലീസുകാരുടെ മൃതദേഹങ്ങൾ കൈവണ്ടിയിൽ പാടത്തു കൊണ്ടിട്ടു; കെണിയൊരുക്കിയ സുരേഷ് പിടിയിൽ

പാലക്കാട്: പോലീസുകാരെ വയലില്‍ ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് പോലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷം ഇയാള്‍ ഉറങ്ങാന്‍ പോയി. ഇടക്ക് എഴുന്നേറ്റ്‌ നോക്കിയപ്പോഴാണ് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് രണ്ട് മൃതദേഹങ്ങളും കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടച്ചതിന് ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. വീണ്ടും കാട്ടുപന്നിയെ വൈദ്യുതി കേബിളുകൾ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുന്നതിനിടെയിലാണ് പോലീസുകാർക്ക് ഷോക്കേറ്റത്. ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ടു പോലീസുകാരുടെ മരണം പുറത്തറിയുന്നത്. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടില്‍ മാരിമുത്തുവിന്റെ മകന്‍ അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന്‍ മോഹന്‍ദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകുവശത്തെ വയലില്‍ മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്യാമ്പിന്റെ പിറകുവശത്തെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്ന വയല്‍. 60 മീറ്ററോളം അകന്നായിരുന്നു രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. ഒറ്റനോട്ടത്തില്‍ കാണാൻ കഴിയാത്ത വിധം വരമ്പിനോട് ചേര്‍ന്നായിരുന്നു മൃതദേഹങ്ങള്‍.

ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈയിലുള്‍പ്പെടെ പൊള്ളലേറ്റ് തൊലിയുരിഞ്ഞ നിലയിലുള്ള പാടുകളുണ്ട്.

Related Articles

Latest Articles