Friday, November 27, 2026

കോഴിക്കോട് വീണ്ടും എംഡിഎംഎ വിൽപന: എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്‌തു. നടുവട്ടം എൻ.പി വീട്ടിൽ മെഹറൂഫ് (29), മാത്തോട്ടം സ്വദേശി സജാദ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ വെച്ച് പിടികൂടിയ ഇവരിൽ നിന്നും 210 മില്ലിഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. നേരത്തെ തന്നെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന് കോഴിക്കോട് ഹോട്ടലുകളിൽ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടന്നുവരുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.

അതേസമയം സിന്തറ്റിക്ക് മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎയാണ് പ്രതികളുടെ കൈവശമുണ്ടായിരുന്നത്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത. തലച്ചോറിലെ കോശങ്ങളെ പൂർണമായും നശിപ്പിക്കാൻ പോലും കെൽപ്പുള്ളവയാണ് സിന്തറ്റിക്ക് മയക്കുമരുന്നുകൾ.

മാത്രമല്ല പന്ത്രണ്ടുമണിക്കൂർ മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കുന്നതിനാലാണ് എംഡിഎംഎ ലഹരികൾക്ക് പ്രചാരമേറുന്നത്. നേരത്തെ ഗ്രാമിന് രണ്ടായിരം രൂപയായിരുന്നു. തുടർന്ന് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വിൽപന. സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles