Tuesday, May 14, 2024
spot_img

ഉദയ്‌പൂർ ഒറ്റപ്പെട്ട സംഭവമല്ല; നൂപുർ ശർമ്മയെ പിന്തുണച്ചതിനു ക്രൂരമായ കൊലപാതകം അമരാവതിയിലും; 54 കാരനായ കെമിസ്റ്റിന്റെ കൊലപാതകത്തിൽ ഭീകരബന്ധമെന്ന് സംശയം

അമരാവതി: ബിജെപി മുൻ വക്താവ് നുപുർ ശർമ്മയുടെ പ്രസ്താവനയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളി പോസ്റ്റിട്ട കനയ്യ ലാലിനെ പാക് ബന്ധമുള്ള ഇസ്‌ലാമിക തീവ്രവാദി സംഘം വെട്ടിക്കൊലപെടുത്തിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് സൂചനകൾ. മഹാരാഷ്ട്രയിലെ അമരാവതിയിൽ 54 കാരനായ കെമിസ്റ്റിന്റെ കൊലപാതകത്തിൽ ഭീകരബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് മഹാരാഷ്ട്ര എ ടി എസ്. ഉദയ്‌പൂർ കൊലപാതകത്തിന് ഒരാഴ്ച്ച മുമ്പ് ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരാവതി നഗരത്തിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്ന ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ കടയടച്ച ശേഷം രാത്രി പത്തരയോടെ തന്റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവേ മറ്റൊരു മോട്ടോർബൈക്കിലെത്തിയ യുവാക്കൾ കഴുത്തിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇതിനു മുമ്പ് ഉമേഷ് കോൽഹേ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് തന്റെ ഉപഭോക്താക്കളടക്കം അംഗങ്ങളായ ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പിൽ അയച്ചിരുന്നു. ഈ പോസ്റ്റ് മത തീവ്രവാദികളിലെത്തുകയും അവർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രവാചക നിന്ദ ആരോപിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ജിഹാദി സംഘങ്ങളാണ് ഉമേഷിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആരോപിക്കുന്നു. ഉദയ്‌പൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ബിജെപി നേതാക്കളുടെ പരാതിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര എ ടി എസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കനയ്യ ലാലിന്റെ കൊലപാതകികൾക്കുള്ള പാക് ഭീകര ബന്ധം പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഉമേഷിന്റെ കൊലപാതകത്തിന് പിന്നിലും ഭീകരബന്ധമുണ്ടോ എന്നതാണ് എ ടി എസിന്റെ അന്വേഷണ വിഷയം.

Related Articles

Latest Articles