Tuesday, January 6, 2026

പാലായില്‍ ജോസോ, നിഷയോ? ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തർക്കം ഇന്ന് തീരും ; യുഡിഎഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് ക്ലിഫ് ഹൗസിലാണ് യോഗം. പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിത്വം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസിലെ ഭിന്നത ഉപതിരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ മുന്നണി നേതൃത്വം എന്ത് നിലപാടാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

വര്‍ഷങ്ങളായി കെ എം മാണി കൈവശം വെച്ചിരിക്കുന്ന പാലാ സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി, ജോസിന്റെ ഭാര്യ നിഷ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായ നിഷയുടെ പേര് മുമ്പുതന്നെ പാലായില്‍ സജീവമാണ്. എന്നാല്‍ ആരുടെയും പേര് പരിഗണിച്ചിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വ്യക്തമാക്കുന്നത്.
പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാനായ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.

രണ്ടുമൂന്നു ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ സീറ്റ് ചോദിക്കാന്‍ ജോസഫ് വിഭാഗം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അല്ലെങ്കില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം. ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ് കെ മാണി വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ സഹകരിക്കാമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ ചിന്തിക്കുന്നു.

എന്നാല്‍ പാലായില്‍ ജോസഫ് പ്രശ്‌നമുണ്ടാക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 23നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണല്‍ നടക്കും. കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Related Articles

Latest Articles