Monday, June 17, 2024
spot_img

ആർക്കും കടക്കാൻ അനുവാദമില്ലാത്ത പൊന്നമ്പലമേട്ടിലേക്ക് കടന്നുകയറി അഞ്ചംഗ സംഘം! പവിത്രതയും സംശുദ്ധിയും ഇല്ലാതാക്കിയുള്ള വിശ്വാസ ലംഘനമെന്ന് ദേവസ്വം ബോർഡ്; റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി; ശബരിമലയിൽ വീണ്ടും ആചാര ലംഘനമോ?

പത്തനംതിട്ട: പരമപവിത്രമായി അയ്യപ്പഭക്തർ കരുതുന്ന പൊന്നമ്പലമേട്ടിലേക്ക് കടന്നുകയറി അഞ്ചംഗ സംഘം. തമിഴ്‌നാട്ടിൽ സ്വന്തമായി ക്ഷേത്രം നടത്തുന്ന തൃശൂർ സ്വദേശിയായ നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം പേരിനും പ്രശസ്തിക്കും സാമ്പത്തിക നേട്ടത്തിനുമായി പൊന്നമ്പലമേട്ടിൽ കടന്ന് പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് മാദ്ധ്യമങ്ങൾ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. പരമപവിത്രമായ പൊന്നമ്പല മേട്ടിൽ നാരായണസ്വാമി പൂജ ചെയ്യുന്ന അസുലഭ കാഴ്ചയെന്ന വിവരണത്തോടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവത്തിൽ ദേവസ്വം ബോർഡ് അതി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ അനാസ്ഥയാണിതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പൊന്നമ്പലമേട്ടിന്റെ പവിത്രതക്കും സംശുദ്ധിക്കും ഹാനിവരുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിശ്വാസ ലംഘനമാണെന്നും, പൂജയെന്ന പേരിൽ അഞ്ചംഗ സംഘം അവിടെ ഗോഷ്ഠി കാട്ടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനപ്രദേശമാണ് പൊന്നമ്പലമേട്.

അതേസമയം പൊന്നമ്പലമേട്ടിൽ പൂജനടത്താൻ ദേവസ്വം ബോർഡിനുപോലും അനുമതിയില്ലെന്നും അത് മലയരയ സമുദായത്തിന് മാത്രം അവകാശമുള്ളതാണെന്നും ഐക്യ മലയരയ മഹാസഭ അറിയിച്ചു. സംഭവത്തിൽ ദേവസ്വം മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പക്ഷെ വനം വകുപ്പിന്റെ നിലപാട്. എന്നാൽ അനധികൃതമായി പൊന്നമ്പലമേട്ടിൽ അനധികൃതമായി ആളുകൾ എത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് തറപ്പിച്ച് പറയുന്നു.

എന്നാൽ താൻ പൊന്നമ്പലമേട്ടിൽ പോയിട്ടില്ലെന്ന് ആരോപണ വിധേയനായ നാരായണ സ്വാമി പ്രതികരിച്ചു. താൻ പൂജ നടത്തിയത് പുൽമേട്ടിലാണ്. തന്നെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ആരോ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദൃശ്യങ്ങൾ 2015 ലേതാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പതിനായിരങ്ങൾക്ക് ജന്മ സാഫല്യം നൽകി മകര സംക്രാന്തി ദിവസം മകര വിളക്ക് തെളിയുന്ന പവിത്ര ഭൂമിയാണ് പൊന്നമ്പലമേട്.

Related Articles

Latest Articles