Friday, January 9, 2026

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയും (LeT) തമ്മിലുള്ള ബന്ധം പുതുക്കുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ മുഖമെന്ന് കരുതപ്പെടുന്ന പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹമാസ് കമാൻഡർ നാജി സഹീർ മുഖ്യാതിഥിയായി പങ്കെടുത്തത്. ലഷ്കർ കമാൻഡർ റാഷിദ് അലി സന്ധുവിനൊപ്പം സഹീർ വേദി പങ്കിടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ അവിശുദ്ധ സഖ്യം ലോകശ്രദ്ധയിൽ എത്തിയത്. അമേരിക്ക നിരോധിച്ച ഈ രണ്ട് പ്രമുഖ ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം വർദ്ധിക്കുന്നത് ആഗോള സുരക്ഷാ ഏജൻസികളെ ആശങ്കയിലാക്കുന്നുണ്ട്.

ഹമാസ് നേതാവായ നാജി സഹീറിന് പാകിസ്ഥാനുമായും അവിടുത്തെ ഭീകര ഗ്രൂപ്പുകളുമായും ദീർഘകാലമായുള്ള ബന്ധമുണ്ടെന്നത് ഈ റിപ്പോർട്ടുകൾ ശരിവെക്കുന്നു. 2025 ഫെബ്രുവരിയിൽ പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഇയാൾ പാക് അധീന കശ്മീർ സന്ദർശിക്കുകയും ലഷ്കർ, ജെയ്‌ഷെ മുഹമ്മദ് നേതാക്കൾക്കൊപ്പം ഇന്ത്യ വിരുദ്ധ റാലിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ 2024 ജനുവരിയിൽ കറാച്ചി പ്രസ് ക്ലബ്ബിലും ഏപ്രിൽ മാസത്തിൽ ഇസ്ലാമാബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ സ്വീകരണ പരിപാടിയിലും ഇയാൾ പങ്കെടുത്തത് ഇയാൾക്ക് പാകിസ്ഥാനിലുള്ള സ്വാധീനം വ്യക്തമാക്കുന്നു. 2023 ഒക്ടോബറിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെത്തിയ ഇയാൾ പ്രമുഖ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ നേതാവ് മൗലാന ഫസൽ-ഉർ-റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്വറ്റയിൽ നടന്ന ‘അൽ-അഖ്സ സ്റ്റോം’ സമ്മേളനത്തിലും കറാച്ചിയിലെ ‘തൂഫാൻ-ഇ-അഖ്സ’ കോൺഫറൻസിലും നാജി സഹീർ സജീവമായി പങ്കെടുത്തിരുന്നു. ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെ നിയോഗിക്കാൻ അമേരിക്കൻ ഭരണകൂടം ആലോചിക്കുന്ന നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ ഭീകര സഖ്യത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാസയുടെ സമാധാനപരമായ അന്തരീക്ഷത്തിനായി അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള ട്രമ്പിന്റെ 20 ഇന പദ്ധതി സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഭീകരർക്ക് പരസ്യമായി വേദിയൊരുക്കുന്ന പാകിസ്ഥാന്റെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വലിയ ചോദ്യചിഹ്നമായി തുടരുന്നു. ഭീകര സംഘടനകൾ തമ്മിലുള്ള ഈ ഇഴചേർന്ന പ്രവർത്തനങ്ങൾ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

Related Articles

Latest Articles