Friday, May 3, 2024
spot_img

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക സമർപ്പിച്ചത് ഗുജറാത്തിൽനിന്ന്

ഗാന്ധിനഗർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായിവീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർക്കൊപ്പമെത്തിയാണ് റിട്ടേണിങ് ഓഫിസർ റീത്ത മേത്ത മുമ്പാകെ അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചത്.

ഈ മാസം 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം17 ആണ്. 24നാണ് വോട്ടെടുപ്പ്. നാലുവർഷം മുൻപ് ഗുജറാത്തിൽ നിന്നാണ് അദ്ദേഹം ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.

നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ സമ്പൂർണ ആധിപത്യം ബിജെപിക്കാണ്, ആകെയുള്ള പതിനൊന്ന് സീറ്റുകളിൽ എട്ടെണ്ണവും ബിജെപിക്കൊപ്പമാണ്. ഇതിൽ എസ്. ജയ്‌ശങ്കർ ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഇതിനെ തുടർന്നാണ് ഈ മൂന്നു സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അതേസമയം 182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടി ചരിത്ര വിജയമാണ് ബിജെപി ഗുജറാത്തിൽ നേടിയത്.

Related Articles

Latest Articles