Monday, June 10, 2024
spot_img

ഭീകരതയോട് വിട്ടു വീഴ്ചയില്ല !ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; യാസിൻ മാലിക്കിന്റെ ജെകെഎൽഎഫിന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

ഭീകരതയോട് വിട്ടു വീഴ്ചയില്ലാത്ത കേന്ദ്രസർക്കാർ നിലപാട് തുടരുന്നു. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഭാരത വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ അറിയിച്ചു. ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൂടാതെ യാസിൻ മാലിക്കിന്റെ ജെകെഎൽഎഫിന്റെ നിരോധനവും അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ തിഹാർ ജയിലിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് കമാൻഡറായ യാസിൻ മാലിക്.ഐപിസി സെക്ഷൻ 121 (ഭാരതത്തിനെതിരെയും സർക്കാരിനെതിരെയും യുദ്ധം ചെയ്യുക), യുഎപിഎ സെക്ഷൻ 17 (ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണം) എന്നിവയുൾപ്പെടെ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ആദ്യം ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു.

അതേസമയം യാസിൻ മാലികിന്റെ ഭാര്യ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നേരത്തെ നിയമിച്ചിരുന്നു. നേരത്തെ പാക്കിസ്ഥാനിൽ പുതുതായി അധികാരമേറ്റ കെയർടേക്കർ ഗവൺമെന്റിന്റെ ഭാഗമായി കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കറിന്റെ പ്രത്യേക ഉപദേഷ്ടാവായിരുന്നു യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കിന്റെ നിയമനം. സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ഇവരുടെ സേവനം. 2009ൽ ഇസ്ലാമാബാദിൽ വച്ചായിരുന്നു മുഷാലിന്റെയും യാസിന്റെയും വിവാഹം. പാകിസ്ഥാനിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ അന്ന് വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles