Tuesday, December 23, 2025

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പിണറായിക്ക്‌ ഇരട്ടത്താപ്പ്; അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് മാദ്ധ്യമ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നു; സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി : സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പിണറായിക്ക്‌ ഇരട്ടത്താപ്പാണെന്നും സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് മാദ്ധ്യമ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും തുറന്നടിച്ച രാജീവ് ചന്ദ്രശേഖര്‍, രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനില്‍ക്കുന്ന, ഭീഷണിപ്പെടുത്തി മാദ്ധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് കേരളമാണെന്നും ആരോപിച്ചു.

” -കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ മാധ്യമങ്ങളെ നിശബ്ദമാക്കാനായി സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിക്കുന്നതിനൊപ്പം കേരളത്തില്‍ പിണറായി വിജയന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടി രാജ്യത്തെ ജനങ്ങള്‍ കാണ്ടേണ്ടത് പ്രധാനമാണ്. അദ്ദേഹം നയിക്കുന്ന സിപിഎം സര്‍ക്കാര്‍ ഒന്നിനുപിറകേ ഒന്നായി അഴിമതി നടത്തുകയാണ്. സ്വര്‍ണക്കടത്ത് മുതല്‍ റോഡ് ക്യാമറകള്‍ വാങ്ങിയതിലെ ക്രമക്കേട് വരെ നീളുന്നതാണ് പിണറായി സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫും കുടുംബാഗങ്ങളുമെല്ലാം ഈ അഴിമതിയില്‍ ആരോപണ വിധേയരാണ്. ഇക്കാര്യങ്ങളെല്ലാം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ചില ടിവി ചാനലുകള്‍ക്കും അവിടെ ജോലിചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അടുത്തിടെ കേസെടുത്തു. ഒരു വനിതാ മാദ്ധ്യമപ്രവര്‍ത്തകയും അക്കൂട്ടത്തിലുണ്ട്. ഒരു യുട്യൂബ് ചാനലിനെ നിശബ്ദമാക്കുന്നതിനായി ജീവനക്കാരുടെ വീട്ടിലും ഓഫീസിലും പോലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയ സംഭവം ഇതിന്റെ ഉദാഹരണമാണ്. ഈ മാദ്ധ്യമസ്ഥാപനം നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടി.

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് മാദ്ധ്യമങ്ങളെ നിശബ്ദമാക്കാന്‍ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനില്‍ക്കുന്ന ഭീഷണിപ്പെടുത്തി മാദ്ധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് കേരളമാണ്” – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Latest Articles