ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നടപടി ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. പൗരത്വനിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യസംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു.
യഥാര്‍ഥ കുടിയേറ്റക്കാര്‍ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇവര്‍ക്ക് പൗരത്വം നല്‍കും -അവസ്തി പറഞ്ഞു. സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന മുസ്ലിം കുടിയേറ്റക്കാരുടെ വിവരം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും.

