Sunday, May 12, 2024
spot_img

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിൽ !ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഹമാസ് തന്നെയാണെന്ന് ആവർത്തിച്ച് അമേരിക്കയും

ടെല്‍ അവീവ്: ഇസ്രയേൽ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തി. ഔദ്യോഗിക വിമാനത്തിൽ ടെല്‍ അവീവിലെത്തിയ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഇസ്രയേൽ -ഹമാസ് യുദ്ധത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

“അമേരിക്ക ഈ സാഹചര്യത്തിൽ ആരുടെ പക്ഷത്ത് നില്‍ക്കുന്നുവെന്ന് ഇസ്രയേല്‍ ജനതയ്ക്കും ലോകത്തിനും മുന്നില്‍ വ്യക്തമാക്കുന്നതിനാണ് ഞാൻ ഇസ്രയേല്‍ മണ്ണിലെത്തിയിരിക്കുന്നത്. ഗാസയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം തന്നെ ദുഃഖിതനും പ്രകോപിതനുമാക്കി. ഇസ്രയേല്‍ അല്ല, മറുപക്ഷമാണ് അതിന് പിന്നില്‍ എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇസ്രയേലിന് അമേരിക്ക നല്‍കും. 31 അമേരിക്കക്കാരടക്കം 1300 പേരെയാണ് ഹമാസ് നിർദയം കൂട്ടക്കൊല ചെയ്തത്. പിഞ്ചു കുഞ്ഞുങ്ങളെയടക്കം നിരവധിപേരെ ബന്ദികളാക്കി. ഐസിസ് തീവ്രവാദികളെക്കാൾ ഭീകരമായ ക്രൂരതകളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ” – ജോ ബൈഡൻ പറഞ്ഞു.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനില്‍ അറബ് നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തിൽ ഉച്ചകോടി റദ്ദാക്കി.

500 പേര്‍ കൊല്ലപ്പെട്ട അല്‍ അഹില്‍ അറബ് ആശുപത്രി ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് തീവ്രവാദികൾ തൊടുത്ത് വിട്ട മിസൈൽ ലക്ഷ്യം തെറ്റി ആശുപത്രി തകർക്കുകയായിരുന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്. വാദത്തെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രയേല്‍ സൈന്യവും നെതന്യാഹുവും അറിയിച്ചു.

Related Articles

Latest Articles