Saturday, May 18, 2024
spot_img

ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ്

വാഷിംഗ്ടൺ: അൽ ഖ്വയിദ സ്ഥാപകൻ ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന വാർത്തയ്ക്ക് ഔദോഗിക സ്ഥിരീകരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ -അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വെച്ചുണ്ടായ ഭീകര വിരുദ്ധ ഏറ്റുമുട്ടലിൽ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്നും അതോടെ അൽഖ്വയിദ നാഥനില്ലാത്ത അവസ്ഥയിലായെന്നും മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സ്ഥിരീകരണം നൽകിയിരുന്നില്ല.

ഉന്നത അൽ ഖ്വയിദ നേതാവും ഒസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ അഫ്ഗാനിസ്ഥാൻ -പാകിസ്ഥാൻ അതിർത്തിയിൽ വെച്ച് അമേരിക്കൻ ഭീകരവിരുദ്ധ സേനയുടെ സൈനിക നടപടികളിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വൈറ്റ് ഹൗസ് ഇന്ന് സ്ഥിരീകരിച്ചു. ഹംസ ബിന്‍ ലാദനെ കൊലപ്പെടുത്തിയത് അൽ ഖ്വയിദയുടെ മാത്രമല്ല ആഗോള ഭീകരസംഘടനകളുടെ ആകെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ജിഹാദിന്‍റെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഹംസ ബിൻ ലാദൻ ഒസാമയുടെ ഇരുപത് മക്കളിൽ പതിനഞ്ചാമനാണ്. ഇയാൾക്ക് മുപ്പത് വയസ്സായിരുന്നു. പിതാവിന്‍റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഭീകരരോട് ആഹ്വാനം ചെയ്യുന്ന നിരവധി ദൃശ്യ- ശബ്ദ സന്ദേശങ്ങൾ പതിവായി ഹംസ ബിന്‍ ലാദന്‍ പുറത്തു വിടാറുണ്ടായിരുന്നു.

പുതിയ തലമുറയിലെ ചെറുപ്പക്കാരെ ഭീകരവാദത്തിന്‍റെ പാതയിലേക്ക് ആകർഷിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്ന ഹംസ ബിൻ ലാദനെ 2017ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഒസാമ ബിൻ ലാദന്‍റെയും അയ്മാൻ അൽ സവാഹിരിയുടെയും കീഴിൽ പരിശീലനം നേടിയ ഭീകരനായിരുന്നു
കൊല്ലപ്പെട്ട ഹംസ ബിന്‍ ലാദന്‍.

Related Articles

Latest Articles