വാഷിങ്ടണ്‍: യുഎസ് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയ്യാറെടുക്കുന്നു. കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ച മുഴുവന്‍ പൗരന്മാര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. സെപ്തംബറില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. കോവിഡ് വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഒരുങ്ങുന്നത്. 2020 അവസാനവും 2021 ആദ്യത്തിലും വാക്‌സിന്‍ അവസാന ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍,നഴ്‌സിങ് ഹോം അന്തേവാസികള്‍ ,പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
വാക്‌സിന്‍ സ്വീകരിച്ച് ആറുമാസങ്ങള്‍ പിന്നിടുമ്പോള്‍ വാക്‌സിന്റെ സംരക്ഷണം കുറഞ്ഞുവരുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളുള്ളവര്‍ക്ക് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാന്‍ ഫൈസര്‍-ബയോഎന്‍ടെക്,മൊഡേണ കമ്പനികള്‍ക്ക് അമേരിക്ക നേരത്തെ നല്‍കിയിരുന്നു. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് 72 ശതമാനവും വാക്‌സിന്റെ ആദ്യ ഡോസും 62% രണ്ടാം ഡോസും സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. എന്നാല്‍ പത്ത് ശതമാനത്തിന് പോലും വാക്‌സിന്‍ നല്‍കാന്‍ സാധിക്കാതെ പല രാജ്യങ്ങളും ബുദ്ധിമുട്ടുമ്പോള്‍ ബൂസ്റ്റര്‍ ഡോസിലേക്ക് യുഎസ് നീങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന

