ഉസ്താദ് സാക്കിർ ഹുസൈൻ
പ്രശസ്ത തബല വിദ്വാനും സംഗീതജ്ഞനുമായ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ ബന്ധുക്കൾ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. ആരാധകർ അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നതിനിടെയാണ് മരണം സ്ഥിരീകരിക്കുന്നത്.
മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിൽ ജനിച്ച സക്കീർ ഹുസൈൻ മൂന്നു വയസ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്റെ പാത പിന്തുടർന്ന് ആദ്യമായി ഏഴാമത്തെ വയസില്‍ സരോദ് വിദഗ്‌ധന്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. പിന്നീട് പന്ത്രണ്ടാമത്തെ വയസില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. പന്ത്രണ്ടാം വയസില്‍ തന്നെ പാറ്റ്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി.പ്രൊഫസറാകുമ്പോൾ പ്രായം പത്തൊന്‍പത് വയസ് മാത്രം. പിന്നെയങ്ങോട്ട് സംഗീതലോകത്തെ ജൈത്രയാത്രയായിരുന്നു. വർഷത്തിൽ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സക്കീര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു എന്നത് അദ്ദേഹം എത്രത്തോളം ആരാധകരുടെ മനസില്‍ ഇടം തേടിയിരുന്നു എന്നതിന് തെളിവാണ്.
ലോകോത്തര സംഗീതജ്ഞരുമായി ചേർന്ന് നിരവധി സംഗീതസാക്ഷാത്ക്കാരങ്ങൾ ഒരുക്കി. വയലിനിസ്റ്റ് എല്‍ ശങ്കര്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക്‌ലോലിൻ, മൃംദംഗ വാദകന്‍ റാംനന്ദ് രാഘവ്, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരുമായി ചേര്‍ന്ന് ഹിന്ദുസ്ഥാനി കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയ “ശക്തി” എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974 രൂപം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്‌ധന്‍ മിക്കി ഹാര്‍ട് തയാറാക്കിയ ആല്‍ബത്തില്‍ ഇന്‍ഡ്യയില്‍ നിന്നും ഘടം വിദഗ്‌ധന്‍ വിക്കു വിനായകറാമിനൊപ്പം സക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. 1991ലെ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സക്കീർ ഹുസൈന്റെ കൈകളിലെത്തിച്ചു. മിക്കി ഹാര്‍ട്,സക്കീര്‍ ഹുസൈന്‍, നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അഡെപൊജു, ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേര്‍ന്ന ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന് കണ്ടംപെററി വേള്‍ഡ് മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം 2009ല്‍ ഒരിക്കൽകൂടി സക്കീർ ഹുസൈനെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയ സക്കീർ ഹുസൈനെ പത്മശ്രീ (1988), പത്മഭൂഷണ്‍(2002) എന്നിവ നൽകി രാജ്യം ആദരിച്ചു
ഇന്ത്യക്ക് പുറത്തും നിരവധി അംഗീകാരങ്ങൾ തബലയുടെ ഈ മാന്ത്രികനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 2016ല്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സക്കീര്‍ ഹുസൈനെ ക്ഷണിച്ചിരുന്നു. ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഗീതഞ്‌ജനു കിട്ടുന്ന അംഗീകാരമായിരുന്നു അത്. 1999ൽ അന്നത്തെ യു എസ് പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ യു എസ് സെനറ്റില്‍ വെച്ച് സമ്മാനിച്ച നാഷനല്‍ ഹെറിറ്റേജ് ഫെല്ലാഷിപ്പ് പുരസ്‌കാരം, സെന്റ് ഫ്രാന്‍സിസ്‌കോ ജാസ് സെന്റര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം (2017), പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ ഓള്‍ഡ് ഡോമിനോ ഫെല്ലോ അംഗീകാരം (2005), ബെര്‍ക് ലീ കോളേജ് ഓഫ് മ്യൂസിക്, ഇന്ദിര കലാ സംഗീത സര്‍വകലാശാല, കൈരാഖര്‍ എന്നിവിടങ്ങളില്‍ നിന്നും ഓണററി ഡോക്ടറേറ്റ് എന്നിവ ലോകം ഈ കലാകാരനെ എത്രയേറെ ആദരിക്കുന്നു എന്നതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. അറ്റ്‌ലാന്‍ഡ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സക്കീര്‍ ഹുസൈനാണ്. നല്ലൊരു അഭിനേതാവും കൂടിയായ സക്കീര്‍ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…