ദില്ലി: കേരളത്തിലെ ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യം പുറത്തായെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുത്തെങ്കിൽ എന്തുകൊണ്ട് ജോർജ് എം.തോമസിനെതിരെ കേസെടുക്കുന്നില്ലെന്നാണ് അദ്ദേഹം ചോദിച്ചത്. പാലാ ബിഷപ്പിൽ നിന്ന് ജോർജ് എം.തോമസിലെത്തുമ്പോൾ നാക്കു പിഴ ആകുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദ്യവും ഉന്നയിച്ചു.
ക്രൈസ്തവ പെൺകുട്ടികളെ ജിഹാദികൾ ലക്ഷ്യമിടുന്നുണ്ടെന്ന് പറഞ്ഞതിനാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദിൽ സിപിഎം നിലപാട് എന്താണെന്ന് വ്യക്തമാക്കണെമന്നും അദ്ദേഹം പറഞ്ഞു.
ഗൂഡലക്ഷ്യത്തിലൂടെയുള്ള മതപരിവർത്തനം ഇപ്പോഴും നടക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പാലാ ബിഷപ്പിനെ രാവും പകലും ആക്ഷേപിച്ച് നടന്നു. ജോർജ് എം തോമസ് പറഞ്ഞപ്പോൾ നാക്കുപിഴയെന്ന് പറഞ്ഞ് തള്ളികളയുന്നു.
സിപിഎം നേതാവ് പറഞ്ഞാൽ നാക്കുപിഴയും പാലാബിഷപ്പ് പറഞ്ഞാൽ കേസെടുക്കേണ്ട വിഷയവും ആവുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. ക്രൈസ്തവരോട് പിണറായി വിജയൻ ഇക്കാര്യം വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

