ദില്ലി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിൽ ഇന്ത്യൻ എംബസിക്ക് വീഴ്ചയെന്ന പരാമർശം തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രക്ഷാദൗത്യത്തിൽ ഇന്ത്യൻ എംബസിക്ക് വീഴ്ച പറ്റിയെന്ന മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം നിരുത്തരവാദിത്വപരമെന്ന് മന്ത്രി പറഞ്ഞു. രക്ഷാദൗത്യം പൂർണ്ണമായും ഏകോപിക്കുന്നത് വിദേശകാര്യ വകുപ്പ് ആണെന്നും കേരളത്തിലിരുന്നും കേരളഹൗസിലിരുന്നും നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ നിലവിലെ സാഹചര്യത്തിലെങ്കിലും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
‘വിദേശകാര്യമന്ത്രാലയം സ്റ്റുഡൻ്റ് കോർഡിനേറ്റർമാരെ സാഹചര്യം ബോധ്യപ്പെടുത്തിയിരുന്നു. പരീക്ഷ മൂലമാണ് കുട്ടികൾക്ക് മടങ്ങാൻ സാധിക്കാതിരുന്നത്. ആയിരകണക്കിന് വിദ്യാർത്ഥികൾ തങ്ങളുടേതല്ലാത്ത കാരണത്താൽ വിദേശ രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ എംബസിയെ പഴിചാരുന്നതും സംസ്ഥാന സർക്കാരാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്തുന്നതും ശരിയായ രീതിയല്ല. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ നൽകേണ്ടത്’- വി.മുരളീധരൻ പറഞ്ഞു.

