Tuesday, September 22, 2026

സിബിഐയെ തടുക്കാൻ പൊതുഖജനവിൽ നിന്ന് ലക്ഷങ്ങൾ; ഇത് തീവട്ടികൊള്ളയെന്നു വി. മുരളീധരൻ

തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം തടയാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സുപ്രീം കോടതിവരെ പോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകന് ഹാജരാകാന്‍ ഒരുതവണ കൊടുത്തത് 25 ലക്ഷമാണ്. ഏറ്റവുമൊടുവില്‍ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ അതിലും എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ പോയത്. കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള എഫ്.സി.ആർ ഉൾപ്പെടെയുള്ള കേസുകളിൽ ഒരു തടസവും സൃഷ്ടിക്കാൻ സംസ്ഥാനത്തിനാവില്ല. സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകില്ല. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കോൺ​ഗ്രസ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി നടത്തിയ ചർച്ചയെയും കേന്ദ്രമന്ത്രി വിമർശിച്ചു. രാഹുൽ കേരളത്തിൽ വന്നുപോയതിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യബാന്ധവം രാഹുൽ ​ഗാന്ധിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഭീകരാവാദ സംഘടനകളുമായി ബന്ധമുണ്ടാക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമാണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അതിന്റെ തുടക്കത്തില്‍ തന്നെ പാളിപ്പോയെന്നും കുമ്മനം രാജശേഖരനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. കുമ്മനതിനെതിരെ പരാതി ഒന്നും നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞിട്ടും ആർക്ക് വേണ്ടിയാണ് കുമ്മനത്തെ പ്രതിയാക്കിയത്? കേരള പൊലീസിലെ സി.പി.എം ഫ്രാക്ഷന്റെ തീരുമാനമാണോ അതോ സി.പി.എം ഉന്നത നേതൃത്വത്തിന്റെ തീരുമാനമാണോ ഇതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles