Monday, December 22, 2025

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ആണ് പുതിയ നിയമനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ ചുമതലയിൽ പ്രകാശ് ജാവദേക്കർ തുടരുന്നതായിരിക്കും. കേരളത്തിന്റെ സഹ ചുമതല വഹിക്കുക എംപി അപരാജിത സാരംഗി ആയിരിക്കും.

പ്രധാന സംസ്ഥാനങ്ങളിൽ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും പാർട്ടി പ്രകടനം മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രത്തിൻ്റെ ഭാഗമായി ചുമതലകളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബിഹാറിലേക്ക് വിനോദ് താവ്‌ഡെയെയും ഹിമാചൽ പ്രദേശിലേക്ക് ശ്രീകാന്ത് ശർമ്മയെയും ഹരിയാനയിലേക്ക് സതീഷ് പൂനിയയെയും ജാർഖണ്ഡിലേക്ക് ലക്ഷ്മികാന്ത് ബാജ്‌പേയിയെയും ആണ് ബിജെപി സംസ്ഥാന ഇൻ ചാർജ് ആയി നിയമിച്ചിട്ടുള്ളത്. മണിപ്പൂരിൽ അജീത് ഗോപ്‌ചഡെയ്ക്കാണ് പാർട്ടി ചുമതല നൽകിയിട്ടുള്ളത്.

ഛത്തീസ്ഗഡിൽ നിതിൻ നബിൻ,ഗോവയിൽ ആശിഷ് സൂദ്, ഉത്തരാഖണ്ഡിൽ ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെയാണ് ഇൻചാർജായി നിയമിച്ചിട്ടുള്ളത്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയിൽ എംപി സംബിത് പത്രയെ കോർഡിനേറ്ററായി നിയമിച്ചു. ലഡാക്ക്, ജമ്മു & കശ്മീർ എന്നിവയുടെ ചുമതല തരുൺ ചുഗിനെ ആണ് ബിജെപി ഏൽപ്പിച്ചിട്ടുള്ളത്. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിൻ്റ് കോർഡിനേറ്ററായും ചുമതല നൽകിയിട്ടുണ്ട്. അനിൽ ആന്‍റണിക്ക് നാ​ഗാലാൻഡിന്‍റെയും മേഘാലയയുടെയും ചുമതലയുണ്ടാകും.

Related Articles

Latest Articles