തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെട്ടന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിയുകയും ചെയ്തു.
ഇന്നലെ തന്നെ ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് വി എസ് താമസം മാറി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി പൊതു പ്രവർത്തന മേഖലയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടുമില്ല.
അഞ്ച് വർഷത്തേക്കാണ് അദ്ദേഹത്തെ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചിരുന്നത്. കാലാവധി അവസാനിക്കാനിരിക്കെയാണ് വി എസിന്റെ ഈ തീരുമാനം. വിശ്രമം എന്ന നിലയിലാണ് വി എസ് സ്ഥാനമൊഴിയുന്നതെന്നും കൂടുതൽ പ്രതികരണങ്ങൾ പിന്നാലെയുണ്ടാകുമെന്നും തിരുവനന്തപുരത്ത് അദ്ദേഹവുമായി അടുപ്പമുള്ള പാർട്ടി പ്രവർത്തകർ പറഞ്ഞു.

