Friday, December 19, 2025

കര്‍ണാടകയില്‍ വാക്സിൻ എടുക്കാതെ ഓടിഒളിക്കുന്നു; ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ച് ഗ്രാമീണര്‍

ബെംഗളൂരു: കര്‍ണാടകയില്‍ വാക്സിൻ നല്‍കാന്‍ വന്നവരെ ഗ്രാമീണർ ഓടിച്ചു വിടുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെങ്കിലും കര്‍ണാടകയില്‍ ഗ്രാമീണ മേഖലകളില്‍ ഒരു ഡോസ് വാക്സിനേഷന്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 47 ശതമാനം പേര്‍ ഇനിയും കര്‍ണാടകയില്‍ വാക്സീനെടുക്കാന്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വീടുകളിലെത്തി വാക്സിനേഷന് ശ്രമിച്ചെങ്കിലും പലരും കുത്തിവയ്പ്പ് എടുക്കാതെ ഓടിഒളിക്കുകയാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയതറിഞ്ഞ് ചിലര്‍ വീടിന്‍റെ മട്ടുപ്പാവിലും മറ്റുചിലര്‍ മരത്തിലും കയറി രക്ഷപ്പെട്ടു. അടുത്ത് വന്നാല്‍ ഭസ്മമാകുമെന്ന് ശപിച്ചാണ് കൊപ്പലില്‍ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചത്. വീടുകളിലെത്തി വാക്സീന്‍ നല്‍കാനുള്ള പദ്ധതി കര്‍ണാടകയില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഗ്രാമീണരില്‍ പകുതി പേര്‍ പോലും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്തവര്‍ 47 ശതമാനത്തോളം വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടുതല്‍ ബോധവത്കരണത്തിനാണ് ശ്രമം. ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് ഓരോ ഗ്രാമങ്ങളിലേക്കും കര്‍മ്മ സമിതിയിയെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ വാക്സിനുമായി എത്തിയിട്ടും ജനം സഹകരിക്കാത്തതാണ് വെല്ലുവിളി.

Related Articles

Latest Articles