തൃശ്ശൂർ വടക്കാഞ്ചേരി അകമലയിൽ ഏതു നിമിഷവും ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ്,റവന്യൂ വകുപ്പുകൾ ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു.
മഴക്കാലം കഴിയുന്നത് വരെ പ്രദേശത്തെ താമസക്കാർക്ക് വെളിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലം കഴിയുന്നതുവരെ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകാം. നിലം ദുർബലമാണ്. പ്രഭവകേന്ദ്രം ഭൂമിക്കടിയിലായതിനാൽ വലിയ അപകടസാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചു. ഉറവിടം ഭൂമിക്കടിയിലാണെന്നും അതിനാൽ അത്യന്തം അപകടകരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

