തിരുവനന്തപുരം : സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ നിരവധി നിർദേശങ്ങളും നൽകുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ താമസിക്കുന്നവർ പരമാവധി സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കടലോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ജലാശയങ്ങൾക്ക് സമീപത്ത് കൂടിയുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കുക. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

