അഹമ്മദാബാദ്: ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന വായു ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിച്ചു. നാളെ രാവിലെ തീരം തൊടുന്ന കാറ്റ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും ഭാഗികമായും പശ്ചിമ റെയില്‍വെ റദ്ദാക്കി.
വരാവല്‍, ഓഖ, പോര്‍ബന്തര്‍, ബുജ് തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആറ് മണി മുതലാണ് ഈ റെയില്‍വെ സ്റ്റേഷനുകളുടെ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. പകരം ആറ് മുതല്‍ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകള്‍ സൗജന്യമായി ഓടിക്കാനാണ് തീരുമാനം.
ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തില്‍ തന്നെ റെയില്‍വെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ റെയില്‍വെ ഡിവിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് 60 ലക്ഷം പേരെ ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പോര്‍ബന്തര്‍, ബഹുവ, ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ വായു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നാണ് പ്രവചനം. ഗുജറാത്ത് തീരത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

