Tuesday, December 30, 2025

ആറു ദിനരാത്രങ്ങൾ മന്ത്രമുഖരിതമാക്കിയ വേദസപ്‌താഹത്തിന് ഇന്ന് സമാപനം; ഏഴാം ദിവസം വേദനാരായണന് അഷ്ടാവധാനസേവ

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏഴ് ദിവസങ്ങളിലായി നടത്തിവരുന്ന വേദസപ്താഹം ഇന്ന് സമാപിക്കും. അഷ്ടാവധാനസേവയാണ് അവസാന ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഭഗവാന്‍ വേദനാരായണനായി എട്ട് തരത്തിലുള്ള സേവകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകള്‍. ഇതിനു മുന്നോടിയായി വിശിഷ്ടമായ ത്രൈദാവതീയ ഇഷ്ടി നടക്കും. ഇന്നലെ വേദസപ്‌താഹ വേദിയിൽ ആചാര്യശ്രീ രാജേഷിൻ്റെ നേതൃത്വത്തിൽ ജ്ഞാനയജ്ഞം നടന്നു.
ഹൃദയത്തിൽ അനുഭവിച്ചുകൊണ്ട് ചെയ്യാത്ത കർമങ്ങൾ നിരർത്ഥകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുറജപത്തിൽ അശ്വമേധമന്ത്രങ്ങൾ, ദർശപൂർണമന്ത്രവ്യാഖ്യാനമായ അധ്വര്യുപ്രശ്നത്തിൻ്റെ ബ്രാഹ്മണങ്ങൾ, ഹോതൃമന്ത്രങ്ങൾ, അഛിദ്രപ്രശ്നമന്ത്രങ്ങൾ എന്നിവ പാരായണം ചെയ്തു. മുറജപത്തോടൊപ്പം പവിത്രേഷ്ടിയും നടന്നു. സമാപനദിവസമായ ഇന്ന് കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിൽ രാവിലെ 6:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വേദസപ്താഹം നടക്കുക.

ജൂലൈ 17 നാണ് സപ്താഹം ആരംഭിച്ചത്. മുറജപം, മുറഹോമം, ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്‌ഞം എന്നിവയായിരുന്നു സപ്താഹത്തിന്റെ മൂന്നു ഭാഗങ്ങൾ. ഒരു കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായിരുന്ന മുറജപത്തേയും മുറജപ മന്ത്രങ്ങള്‍ വിനിയോഗിച്ച് ചെയ്യുന്ന മുറഹോമത്തേയും വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി മുറജപവും മുറഹോമവും ഉള്‍പ്പെടുന്ന വേദസപ്താഹം നടത്തിവരുകയാണ്. പതിമൂന്നാമത് വേദസപ്താഹത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്.

അയനമാറ്റത്തിന്റെയും കാലാവസ്ഥാമാറ്റത്തിന്റെയും കാലമാണ് കര്‍ക്കടകം. ചാതുര്‍മാസ്യം പോലുള്ള വ്രതാരംഭത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും കാലംകൂടിയാണിത്. അങ്ങനെയുള്ള കര്‍ക്കടകാരംഭത്തെത്തന്നെയാണ് വേദസപ്താഹത്തിനായി തെരഞ്ഞെടുത്തത്. വൈദികജീവിതത്തിൻ്റെ വിജയസൂത്രങ്ങളെ ചുരളഴിച്ച് കാട്ടിത്തരുന്ന, ആചാര്യശ്രീ രാജേഷ് നയിച്ച ജ്ഞാനയജ്ഞം വേദസപ്താഹത്തിൻ്റെ ദിനങ്ങളെ ധന്യമാക്കി. എല്ലാ സപ്താഹദിവസവും ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെയാണ് വിവിധ വിഷയങ്ങളെ ആഴത്തിൽ പ്രതിപാദിച്ച ജ്ഞാനയജ്‌ഞം നടന്നത്.

Related Articles

Latest Articles