കല്പറ്റ: പച്ചക്കറിയുടെ വില ദിവസേന കുതിച്ചുയരുന്നു. തക്കാളി, ബീൻസ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കത്തിക്കയറിയത്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് വിലയിൽ വലിയതോതിലുള്ള വർധന ഉണ്ടായത്.
കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീൻസിന് ഇപ്പോൾ ഇരട്ടിയിലധികം തുക കൊടുക്കണം. 80 രൂപയാണ് വ്യാഴാഴ്ച ഒരുകിലോ ബീൻസിന്റെ വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയെത്തി. മിതമായ വില ഉണ്ടായിരുന്നപ്പോൾ അത്യാവശ്യം കച്ചവടവുമുണ്ടായിരുന്നെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ വിലവർധന കച്ചവടത്തെ ബാധിച്ചു. കുറഞ്ഞ അളവിലാണ് ആളുകൾ പച്ചക്കറികൾ വാങ്ങുന്നത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവർധനയ്‌ക്കു കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ആദ്യം ജലക്ഷാമം കാരണം കർണാടകയിലും തമിഴ്നാട്ടിലുമെല്ലാം കൃഷിനനയ്ക്കാൻ സാധിക്കാതെയായി. ഇത് ഉത്‌പാദനം കുറയാൻ കാരണമായി. കർണാടകയിൽ ദിവസങ്ങൾക്കുമുമ്പ് തുടർച്ചയായി പെയ്ത മഴയും കൃഷിനാശത്തിന് കാരണമായി.

