പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി.

മാരുതി ഈക്കോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എന്‍ഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട്ജ ജയ്ഷെ ഇ മുഹമ്മദില്‍ ചേര്‍ന്നിരുന്നു. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെന്നും എന്‍ഐഎ അറിയിച്ചു.

ഓട്ടോ മൊബൈല്‍ വിദഗ്ദ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011-ല്‍ അനന്ത്‌നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖനി എന്നയാള്‍ വിറ്റ വാഹനമാണിത്. ഏഴോളം പേരില്‍ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഇയാള്‍ ഷോപ്പിയാനിലെ സിറാജുല്‍ ഉലൂമിലെ വിദ്യാര്‍ഥിയാണെന്നും എന്‍ഐഎ അറിയിച്ചു.

ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരി 14-നാണ് പുല്‍വാമയില്‍ ആക്രമണം നടന്നത്.