കൊല്ലം: നിലപാടുകളിൽ വീണ്ടും മലക്കം മറിച്ചിലുകളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍റെ തലയിൽ വച്ചുകെട്ടി കൈകഴുകാൻ എൽഡിഎഫ് ഘടകകക്ഷികൾ ശ്രമിക്കരുതെന്നാണ് ഏറ്റവും ഒടുവിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായി. പരാജയത്തിന്‍റെ ഉത്തരവാദിത്തം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കുമുണ്ടെന്നും എസ്എൻഡിപി യോഗത്തിന്‍റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിധി നടപ്പാക്കുന്നതിൽ എടുത്തുചാട്ടം കാണിക്കാതെ ജനവികാരം കണക്കിലെടുത്തു സംയമനം പാലിക്കണമായിരുന്നു എന്നും അതെ യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. വികാരത്തെ വികാരപൂർവം നേരിടാൻ പാടില്ലായിരുന്നു. അതിന്റെ ഫലമാണു തിരഞ്ഞെടുപ്പിൽ കണ്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ വച്ചു തടിയൂരാനാണു ഘടകകക്ഷികളുടെയും ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെയും ശ്രമം എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

