‘
അമേരിക്ക സമ്മർദ്ദം ശക്തമാക്കുകയും കരീബിയൻ മേഖലയിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനിടെ, സൈന്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി വെനസ്വേല മുന്നോട്ട്. മയക്കുമരുന്ന് ബോട്ടുകൾക്കെതിരായ നടപടികളുടെ ഭാഗമെന്ന പേരിൽ അമേരിക്ക സൈനിക വിന്യാസം വർദ്ധിപ്പിച്ചതിന് മറുപടിയായി, വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ സൈനിക റിക്രൂട്ട്‌മെൻ്റ് വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും, 5,600 പുതിയ സൈനികരെ ഇന്നത്തെ ഒരു ദിവസത്തിൽ മാത്രം സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു, ട്രമ്പ് ഭരണകൂടം യുദ്ധക്കപ്പലുകളും ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലും ഈ മേഖലയിൽ വിന്യസിച്ചതിന് പിന്നാലെയാണ് വെനസ്വേലയുടെ ഈ നീക്കം.
കരീബിയൻ മേഖലയിൽ മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇരുപതിലധികം കപ്പലുകൾക്ക് നേരെ യു.എസ്. സൈന്യം ആക്രമണം നടത്തുകയും, അതിൽ കുറഞ്ഞത് 87 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയാണ് ‘കാർട്ടൽ ഡി ലോസ് സോളസ്’ എന്ന മയക്കുമരുന്ന് ശൃംഖലയെ നയിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ മാസം ഈ ഗ്രൂപ്പിനെ അമേരിക്ക വിദേശ ഭീകര സംഘടനകളുടെ (Foreign Terrorist Organisation – FTO) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ട്രെൻ ഡി അരഗ്വ, സിനലോവ കാർട്ടൽ തുടങ്ങിയ കുപ്രസിദ്ധ സംഘങ്ങളുമായി ചേർന്ന് ഈ ഗ്രൂപ്പ് മേഖലയിലുടനീളം അക്രമങ്ങൾക്കും മയക്കുമരുന്ന് കടത്തിനും ഇന്ധനം നൽകുന്നു എന്നാണ് യു.എസ്. വാദം.
2013 മുതൽ അധികാരത്തിലിരിക്കുന്ന വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തന്നെ പുറത്താക്കാനും രാജ്യത്തിൻ്റെ എണ്ണ ശേഖരം കൈവശപ്പെടുത്താനും വേണ്ടിയാണ് ട്രമ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അത്തരത്തിലുള്ള ഏത് ശ്രമത്തെയും വെനസ്വേലൻ പൗരന്മാരും സൈന്യവും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം, വെനസ്വേലയ്ക്ക് ഏകദേശം 200,000 സൈനികരും 200,000 പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.
കഴിഞ്ഞ മാസം, ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, വെനസ്വേലയ്ക്ക് മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചിട്ടതായി കണക്കാക്കണമെന്ന് ട്രമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ നീക്കത്തെ വെനസ്വേല ‘കൊളോണിയൽ ഭീഷണി’ എന്ന് വിളിച്ചു. ട്രംപിൻ്റെ സോഷ്യൽ മീഡിയ ഉത്തരവിനെത്തുടർന്ന് മഡുറോ ട്രംപിനെ ബന്ധപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ ഈ സംഘർഷം, വെനസ്വേലയുടെ എണ്ണ ശേഖരം, മയക്കുമരുന്ന് കടത്ത്, അതുപോലെ മഡുറോയുടെ ഭരണപരമായ നിലനിൽപ്പ് എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ്. അമേരിക്ക സമ്മർദ്ദം വർദ്ധിപ്പിക്കുകയും വെനസ്വേല സൈനിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, കരീബിയൻ മേഖലയിലെ സമാധാനത്തിന് ഈ സംഭവവികാസങ്ങൾ വലിയ വെല്ലുവിളിയാകുകയാണ്.

