ചെങ്ങന്നൂർ: കേരളത്തിലെ മാധ്യമ രംഗത്തും, സൈബർ ഇടങ്ങളിലും അടുത്തകാലത്തായി നടക്കുന്ന മാറ്റങ്ങളും, ഒറ്റപ്പെടുത്തിയുള്ള ആക്രമണങ്ങളും വളരെ അപകടകരമാണന്ന് പറയാതെ വയ്യാ.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ദൃശ്യ വാർത്ത മാധ്യമങ്ങളുടെ ഇടപെടൽ എങ്ങനെയാണ് എന്നുള്ളത് നിലവിലെ ചില സംഭവങ്ങൾ തുറന്നു കാട്ടുന്നു. പി.എ. മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ വിവാദ പ്രസ്താവന വാർത്തയാക്കിയ മാധ്യമങ്ങൾ തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സംസ്ഥാന സർക്കാരിന്റെ പ്ലീഡർ രശ്മിത രാമചന്ദ്രൻ സോഷ്യൽ മീഡിയ വഴി അപമാനിച്ചത് കണ്ടില്ല.
അതിനെതിരെ കവി ശ്രീകുമാരൻ തമ്പി പ്രതികരിച്ചത് കണ്ടില്ലാ. മാധ്യമങ്ങളുടെ ഇരട്ടനയത്തിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മുൻ മാധ്യമ പ്രവർത്തകൻ വേണു കുമാർ.
ആദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് പൂർണ്ണരൂപം ഇങ്ങനെയാണ്…
മാധ്യമങ്ങളുടെ പോക്ക്
എങ്ങോട്ട് ?
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ വിവാദ പ്രസ്താവന നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ ഇന്ന് വാർത്തയാണ്. അതിനെപ്പറ്റിയുള്ള പ്രതികരണങ്ങൾ, ഖേദപ്രകടനം ഒക്കെ വാർത്തയിലുണ്ട്. അത് അങ്ങനെ തന്നെ കൊടുക്കേണ്ടതുമാണ്. ഒരു മിശ്രവിവാഹത്തിലുള്ള മതപരമായ കാഴ്ചപ്പാടായിരുന്നുവത്രേ അത്. ഈ വാർത്തയുടെ മൂല്യം ഒട്ടും ചോരാതെ തന്നെ പത്രങ്ങൾ അവതരിപ്പിച്ചു. നല്ലത്.
ഇനി മറ്റൊരു സംഭവത്തിൽ ഇതേ മാധ്യമങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്ന് കൂടി ഒന്ന് നോക്കാം. ഇന്ത്യയുടെ സംയുക്ത സൈന്യാധിപൻ അടക്കം 13 പേർ ഒരു ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിൽ രാഷ്ട്രം മരവിച്ച് നിന്നത് നാം കണ്ടല്ലോ. ഈ സംഭവത്തിൽ വിദ്വേഷ പരാമർശവുമായി ഒരു കൂട്ടമാളുകൾ സമൂഹ മാധ്യമത്തിൽ കൂവി ആർത്ത് നടന്നു. ഇതേ മാധ്യമങ്ങൾ അത് കണ്ടില്ല. നമ്മുടെ സംസ്ഥാന സർക്കാരിന്റെ പ്ലീഡർ രശ്മിത രാമചന്ദ്രൻ അതി നിന്ദ്യമായ പരാമർശവുമായി സമൂഹ മാധ്യമത്തിലെത്തി. അതിന് നേരെയും ഇതേ മാധ്യമങ്ങൾ കണ്ണു പൊത്തി. ഇതിനൊക്കെ എതിരെ പൊട്ടിത്തെറിച്ച് ഒരു വീഡിയോയുമായി അഭിവന്ദ്യനായ കവി ശ്രീകുമാരൻ തമ്പി രംഗത്തെത്തി. അസാധാരണമായ ഈ പ്രതികരണവും മുഖ്യധാരാ മാധ്യമങ്ങൾ മാത്രം കണ്ടില്ല.
ഏന്തു കൊണ്ട് ഈ വാർത്ത മുക്കി? നേര് പറയാൻ നിങ്ങൾ ആരെയാണ് പേടിക്കുന്നത്? മന്ത്രി റിയാസിനെതിരെയുള്ള പരാമർശം വിവാദമാക്കാൻ ഉത്സാഹിക്കുന്ന പത്രാധിപന്മാർ , നമ്മുടെ സേനാ തലവന്മാരെ അധിക്ഷേപിക്കുന്നത് കണ്ട് ഷണ്ഡത്വം ബാധിച്ച് നിൽക്കുന്നത് കാണുമ്പോൾ വായനാ സമൂഹം നിങ്ങളെ എങ്ങനെ വിശ്വസിക്കും?
നിങ്ങൾ നേര് പറയുന്നുവെന്ന് നാഴികക്ക് നാൽപതു വട്ടം ആണയിട്ടതു കൊണ്ടായില്ലല്ലോ, പറയുന്നത് നേരാണെന്ന് വായനക്കാർക്ക് തോന്നുകയും വേണ്ടേ? നിഷ്പക്ഷതയും ദേശീയതയും നെറ്റിക്കൊട്ടിച്ച് വെച്ചിട്ടെന്ത് കാര്യം? പ്രവൃത്തിയിലൂടെയല്ല അത് ബോധ്യപ്പെടുത്തേണ്ടത്?
മാധ്യമങ്ങളേ ….. ഹാ കഷ്ടം !!

