തിരുവനന്തപുരം: 280 വർഷങ്ങൾക്കു മുമ്പ് യുറോപ്പ്യൻ സാമ്രാജ്യത്തിനെതിരെയുള്ള ഏഷ്യയിലെ ആദ്യ യുദ്ധമായിരുന്നു കുളച്ചൽ യുദ്ധം. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്ന് കുളച്ചൽ യുദ്ധം തുടങ്ങിയ ദിവസമാണ്. ഈ ചരിത്രവിജയത്തിന്റെ ഓർമ്മപുതുക്കലിനോടനുബന്ധിച്ച് അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ അനുഗ്രഹത്തോടുകൂടി 10 ദിവസം നീണ്ടുനിൽക്കുന്ന യുദ്ധ വിജയ് ആഘോഷത്തിന് തുടക്കമായിരിക്കുകയാണ്.

1741 ൽ മാർത്താണ്ഡവർമ്മ ഡച്ചുകാർക്കെതിരെ ഒരു ആക്രമണ പരമ്പരതന്നെ നടത്തുകയുണ്ടായി. ഡച്ചുകാർ അദ്ദേഹത്തെ നേരിടുന്നതിന് സന്നാഹങ്ങളൊരുക്കി. പീരങ്കിയോടു കൂടിയ ഒരു ഡച്ചു സൈന്യം തിരുവിതാംകൂർ അക്രമിക്കുന്നതിനായി സിലോണിൽ നിന്നു പുറപ്പെട്ടു. കുളച്ചലിൽ കാലുകുത്തിയ ഡച്ചു സൈന്യം കോട്ടാർവരെയുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ ആക്രമിക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. തുടർന്ന് ഡച്ചു സൈന്യം മാർത്താണ്ഡവർമ്മയുടെ ആസ്ഥാനമായ കൽക്കുളത്തിലേക്കു നീങ്ങി. 1741 ഓഗസ്റ്റ് 10 ന് ഡച്ചു സൈന്യവും മാർത്താണ്ഡവർമ്മയുടെ സൈന്യവും തമ്മിൽ കുളച്ചലിൽ വച്ച് ഏറ്റുമുട്ടി. ഡച്ചു സൈന്യം നിശ്ശേഷം പരാജയപ്പെട്ടു.
ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ ധാരാളം ഡച്ചുകാർ തടവുകാരായി പിടിക്കപ്പെട്ടു. അദ്ദേഹം പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ ‘വലിയ കപ്പിത്താനായി’ ത്തീർന്നു. കുളച്ചൽ യുദ്ധം ഡച്ചു ശക്തിക്ക് മാരകമായ പ്രഹരമേൽപ്പിച്ചു. അവരുടെ കുതിപ്പിനു അത് തടയിട്ടു. ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

