Saturday, December 20, 2025

തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തി ഹരിത; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്; ഒരിക്കലും പരാതി പിന്‍വലിക്കില്ല’ എന്ന് വനിതാ പ്രവർത്തകർ

കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലീം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനത്തിന് ഹരിത വഴങ്ങാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടി.

‘ഹരിത’ തുടര്‍ച്ചയായി അച്ചടക്കം ലംഘിച്ചുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം പറഞ്ഞു.

‘2018 ല്‍ രൂപീകരിച്ച നിലവിലെ ഹരിത കമ്മിറ്റി കാലഹരണപ്പെട്ടതാണ്. ഒരു വര്‍ഷം മാത്രമാണ് കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരും’- സലാം പറഞ്ഞു.

അതേസമയം പാർട്ടി തീരുമാനം എല്ലാ അര്‍ത്ഥത്തിലും ശരിയാണെന്നും മറ്റ് വിശദീകരണങ്ങള്‍ ഇല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ‘ഹരിത നേതൃത്വത്തെ പിരിച്ചു വിടാന്‍ പാർട്ടി എടുത്തത് ശരിയായ തീരുമാനം ആണ്. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകളിലേക്കില്ല. നടപടി 2 കാരണങ്ങള്‍ കൊണ്ട് ആണ്. ഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി, നിലവിലെ ‘ഹരിത’ കമ്മിറ്റിയുടെ കാലാവധിയും അവസാനിച്ചു. ഇതില്‍ ഇനി വിശദീകരണങ്ങള്‍ ഇല്ല. ‘- അദ്ദേഹം പറഞ്ഞു.

എന്നാൽ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു വനിതാ നേതാക്കള്‍ പറഞ്ഞു . ലീഗിനെതിരെ കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനമെന്ന് അവർ അറിയിച്ചു.

‘സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണ്. അതിക്രമത്തിനെതിരെ പരാതിപ്പെടാനുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണമെന്നാണ് നിയമം. എന്നിട്ടും പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന് കോടതിയില്‍ ബോധിപ്പിക്കും.’ എന്ന് വനിതാ നേതാക്കൾ പറഞ്ഞു. കൂടാതെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതിന്റെ മുന്‍പ് ആരുടെയും വിശദീകരണം കേള്‍ക്കാന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ലെന്നും എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും നീതി ലഭിക്കാന്‍ ഏത് അറ്റംവരെയും പോകുമെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട്ട് എം എസ് എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.

തുടർന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ഹരിത നേതാക്കള്‍ തയ്യാറായിരുന്നില്ല.ഇതോടെയാണ് ഹരിത പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.

Related Articles

Latest Articles