കൊല്ലം : ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനെയും (33) ഒന്നരവയസുകാരിയായ മകള്‍ വൈഭവിയേയുമാണ് ഷാർജ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും കുടുംബത്തെയും നാട്ടിലേക്ക് എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
തന്റെയും കുഞ്ഞിന്റെയും മരണത്തിന്റെ കാരണക്കാര്‍ ഭര്‍ത്താവും കുടുംബവും ആണെന്ന് ആരോപിച്ചുകൊണ്ട് വിപഞ്ചിക എഴുതിയ കുറിപ്പ് പുറത്തുവന്നിരുന്നു. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതായും കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക (33), മകള്‍ വൈഭവി (ഒന്നര) എന്നിവരെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്‍ക്കവല സ്വദേശി നിധിഷ്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.
കുടുംബം നേരത്തെ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.

