അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിയമർന്ന എഐ 171 വിമാനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത്. ചികിത്സയിലുള്ള വിശ്വാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർ സന്ദർശിച്ചിരുന്നു. സഹോദരനൊപ്പമായിരുന്നു എയർ ഇന്ത്യയുടെ വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചത്. 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാർ ഉണ്ടായിരുന്നത്. വിമാനത്തിൽ എമർജൻസി വാതിലിനു സമീപത്തായിട്ടായിരുന്നു 11A സീറ്റ്. വിമാനം ഇടിച്ചിറങ്ങിയതോടെ എമർജൻസി വാതിൽ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്.
“എന്റെ കൺമുമ്പിലാണ് എല്ലാം സംഭവിച്ചത്. ഞാനും മരിച്ചുവെന്നാണ് കരുതിയത്…. എങ്ങനെയാണ് ഞാൻ ജീവനോടെ പുറത്തുകടന്നതെന്ന് പോലും എനിക്കറിയില്ല. ഞാൻ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാൻ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിനടുത്തായിട്ടാണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാൻ അതിലൂടെ പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു. ആർക്കും അതുവഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കൈയിൽ പൊള്ളലേറ്റു. എന്റെ കൺമുമ്പിൽവെച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്’ – വിശ്വാസ് കുമാർ പറഞ്ഞു. കണ്ണ് തുറന്നപ്പോൾ എനിക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെൽറ്റ് തുറന്ന് ഞാൻ അവിടെ നിന്നിറങ്ങി -രമേശ് പറഞ്ഞു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് രമേശ്.
കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

