Thursday, December 18, 2025

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും; വീട്ടിലെത്തിയാൽ സ്വന്തം കുടുംബം കൊല്ലും; ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി അതിക്രൂര ലൈംഗിക പീഡനം; പീഡനത്തിൽ നിന്ന് അതിജീവിച്ചു വരുന്നവരെ കൊന്നു തള്ളി സ്വന്തം കുടുംബവും; അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയപ്പോൾ മുൾമുനയിൽ നിന്നത് പെൺസമൂഹം; അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ചർച്ചകളിൽ മാത്രം ഒതുങ്ങുമ്പോൾ….

മിയ ബ്ലും എന്ന എഴുത്തുകാരിയുടെ ലേഖനത്തിലൂടെ പുറത്ത് വരുന്നത് പഴയ താലിബാന്റെ പുതിയ ‘മുഖ’ത്തിന്റെ, നേർചിത്രമാണ്. ലോകം വിസ്മരിക്കുന്ന താലിബാന്റെ കൊടും ക്രൂരതകളുടെ പുതിയ മുഖം. താലിബാന്റെ നിയമങ്ങളും ശാസനകളും പാലിക്കാത്തതിന് നാൽപതോളം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുക. ബാഹ്യവശാൽ ക്രൂര പീഡനങ്ങൾ അതിജീവിച്ച് സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയാലോ അവരെ കാത്തിരിക്കുന്നതും മരണം തന്നെ. യാതൊരു ദയാദാക്ഷണ്യവുമില്ലാതെ ഉറ്റവർ തന്നെ അവരെ കൊന്നു തള്ളും. ‘പുരുഷ ബന്ധുക്കൾ’ കൊണ്ടുപോകാൻ വരാത്തതിന്റെ പേരിൽ ഇന്നും തടവിൽ കഴിയുന്ന സ്ത്രീകളും ഏറെയാണ്. ഇങ്ങനെ പോകുന്ന പഴ താലിബാന്റെ പുതിയ മുഖം.

മുൾമുനയിൽ നിന്ന പെൺസമൂഹം

ഭീകര സംഘങ്ങൾ ചരിത്രത്തിൽ ഇതുവരെയില്ലാത്ത രീതിയിൽ അഫ്ഗാനിൽ കൊടികുത്തി വാഴുന്നെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് ഫെബ്രുവരി ആദ്യമാണ് പുറത്തുവന്നത്. ജനത്തെ സംബന്ധിച്ചിടത്തോളം ഇന്നും അഫ്ഗാനിസ്ഥാൻ ഒരു സുരക്ഷിത കേന്ദ്രമായി മാറിയിട്ടില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതിനേക്കാളുപരി അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയപ്പോൾ മുൾമുനയിൽ നിന്നത് അവിടുത്തെ പെൺസമൂഹമാണ്. സ്വാതന്ത്ര്യം എന്ന വാക്കുപോലും ഒരു കാലത്ത് ആലങ്കാരിക പ്രയോഗമായിരുന്നു അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന്. അതിൽനിന്നൊരു മാറ്റം അവർ ഇടക്കാലത്ത് ആഘോഷിച്ചു. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു അവരെ കാത്തിരുന്നത്. അതാകട്ടെ മരണ തുല്യവും.

അതിക്രൂരമായ പീഡനങ്ങളും വ്യക്തിഹത്യയും അപമാനവുമാണ് സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും അഫ്ഗാനിൽ നേരിടേണ്ടി വരുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. സ്ത്രീകള്‍ക്കുൾപ്പെടെ ‘പുതിയ’ അഫ്ഗാനില്‍ സർവസ്വാതന്ത്ര്യവുമുണ്ടാകുമെന്നാണ് അധികാരമേൽക്കുമ്പോൾ താലിബാൻ പറഞ്ഞത്. രാജ്യാന്തര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു അതെന്ന് പിന്നീടുള്ള നാളുകൾ തെളിയിച്ചു. 1990കളെ ഓർമിപ്പിക്കും വിധമാണ് സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളും അവസരങ്ങളും നിലവിൽ അപഹരിക്കപ്പെട്ടിരിക്കുന്നത്.

ജോലിയും വിദ്യാഭ്യാസവും അവർക്കു നിഷേധിക്കപ്പെട്ടു. എന്നാൽ, കടുത്ത എതിർപ്പുകൾ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നപ്പോൾ സ്കൂളുകളും തൊഴിലിടങ്ങളും അവർക്കു മുന്നിൽ തുറക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം പക്ഷേ നിബന്ധനകളോടെ മാത്രവും. ആണിനും പെണ്ണിനുമിടയിൽ കർട്ടനിട്ടു മറച്ച സർലവകലാശാലകളിലൂടെ, വിദ്യാഭ്യാസത്തിന് സ്ത്രീകൾക്ക് അനുവാദം നൽകിയെന്ന് താലിബാൻ ഘോരമായി ഉദ്ഘോഷിച്ചു. അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവകലാശാലാ പഠനത്തിന് അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ആ പൈശാചിക പീഡനത്തിന്റെ വാർത്തയും എത്തിയത്.

സർവകലാശാലകൾ തുറക്കുന്നു…

ഫെബ്രുവരി ആദ്യമാണ് അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ സർക്കാർ സർവകലാശാലകൾ തുറക്കുന്നു എന്ന് താലിബാൻ പ്രഖ്യാപിച്ചത്. എല്ലാവരും (ആൺകുട്ടികളും പെൺകുട്ടികളും) സർവകലാശാലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താലിബാൻ നേതൃത്വത്തിലുള്ള സാംസ്കാരിക വിവര മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. വൈകാതെതന്നെ കാബൂൾ സർവകലാശാല ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ മറ്റു സർവകലാശാലകളും സ്ത്രീകൾക്കു തുറന്നു നൽകുമെന്ന് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാക്വി ഹഖാനി അറിയിച്ചു. പറഞ്ഞതുപോലെത്തന്നെ അദ്ദേഹം ചെയ്തു.

ഫെബ്രുവരി അവസാനത്തോടെ സർവകലാശാലകളെല്ലാം തുറന്നു. അവിടങ്ങളിലേക്ക് പെൺകുട്ടികളെ പ്രവേശിപ്പിച്ചു. പക്ഷേ ചില നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനു പ്രത്യേകം സമയമെന്നത്. സർവകലാശാലകൾ തുറക്കുന്നത് ആദ്യ പടിയാണെന്നും അഫ്ഗാൻ പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന മാർച്ച് അവസാന വാരത്തിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിലേക്ക് ഉൾപ്പെടെ തിരിച്ചെത്തിക്കുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകം സമയത്താണെങ്കിൽ പോലും പഠനത്തിനുള്ള അവസരം ലഭിച്ചതിൽ പല പെൺകുട്ടികളും സന്തോഷം പ്രകടിപ്പിച്ചു. ലോകം സമാധിച്ചു– താലിബാനു മാറ്റം കാണാനുണ്ട്. പക്ഷേ ഈ സർവകലാശാല തുറക്കൽ, ക്രൂരമായ എന്തൊക്കെയോ മറയ്ക്കാനുള്ള ശ്രമമായിരുന്നോ?

അതിക്രൂര പീഡനവും പിന്നെ…

ജനുവരി അവസാനത്തോടെ അഫ്ഗാനിലെ മസാറെ ഷരീഫ് പട്ടണത്തിൽനിന്ന് നാൽപതോളം പേരെ താലിബാൻ പിടിച്ചുകൊണ്ടുപോയി. അതിൽ എട്ടു പേരെ താലിബാൻ സംഘം അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനത്തിൽനിന്ന് അതിജീവിച്ചുവന്നവരെ അവരുടെ കുടുംബങ്ങൾ തന്നെ കൊന്നു തള്ളി. പഷ്തൂൺവാലി എന്ന സാമൂഹിക ജീവിതരീതിയിൽനിന്ന് വ്യതിചലിച്ചു ജീവിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. പഷ്തൂൺ എന്ന പുരാതന ഗോത്ര സമൂഹത്തിന്റെ ജീവിതരീതികളെ നയിക്കുന്ന നിയമങ്ങളാണ് പഷ്തൂൻവാലി. അഫ്ഗാനിലും പാക്കിസ്ഥാനിലും പഷ്തൂൺ വിഭാഗം ഈ നിയമപ്രകാരമാണു ജീവിക്കുന്നത്. ഇതു പ്രകാരം വിവാഹം കഴിച്ച ആളുമായി മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ എന്നുണ്ട്. ആ നിയമം തെറ്റിച്ചെന്നാരോപിച്ചാണ് പീഡനത്തിനിരയായ വനിതകളെ കൊലപ്പെടുത്തിയത്.

കൂട്ടിക്കൊണ്ടു പോകാൻ ‘പുരുഷ ബന്ധുക്കൾ’ വരാത്തതിനാൽ സ്ത്രീകളിൽ ചിലർ തടങ്കലിൽതന്നെ കഴിയുകയാണെന്ന താലിബാൻ വക്താവിന്റെ ട്വീറ്റും പുറത്തുവന്നിരുന്നു. സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി കാണുന്ന ഒരു ഭരണകൂടത്തിന്റെ അടിമയായി ജീവിക്കുക മാത്രമല്ല, അവരേൽപിച്ച മുറിവ് ഉണങ്ങുന്നതിനു മുൻപേ അവർ പോലും അറിയാത്ത കാര്യത്തിന് ജീവനോടെ കത്തിക്കുകയും ചെയ്യുന്നു; അതും സ്വന്തം കുടുംബം. ഭരണകൂടവും പ്രാകൃത നിയമങ്ങളും കൽപിച്ചു തരുന്ന വിധി അനുഭവിക്കുക മാത്രമാണ് അവർക്ക് ചെയ്യാനാവുക. അവിടെ ചോദ്യങ്ങൾ ഉയർത്താനോ പ്രതികരിക്കാനോ കഴിയില്ല. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരിയുമായ മിയ ബ്ലൂം എഴുതിയ ലേഖനത്തിലൂടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്.

‘എന്റെ അക്കാദമിക് ശൃംഖലയിലെ വനിതാവകാശ പ്രവർത്തകർ പറയുന്നത് അനുസരിച്ച്, ഈ വാർത്ത ചില അഫ്ഗാൻ സാമുദായിക സംഘങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ നിലവിലുള്ളതുകൊണ്ട് ഇവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ല.’– മിയ ബ്ലൂം പറയുന്നു.

Related Articles

Latest Articles