Tuesday, December 23, 2025

ചരിത്ര നേട്ടവുമായി വിസ്താര; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് മുഴുവൻ ജീവനക്കാരും

ദില്ലി: കൊറോണ പ്രതിരോധത്തിനായി രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച പൈലറ്റുമാരും ക്യാബിൻ ക്രൂവുമുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന നേട്ടം കൈവരിച്ച് വിസ്താര എയർലൈൻസ്. വിസ്താരയുടെ പ്രത്യേക വിമാനമായ യുകെ 963 ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച ക്രൂവാണ് ഈ വിമാനം പ്രവർത്തിപ്പിച്ചത്. യുകെ 960 എന്ന റിട്ടേൺ ഫ്ലൈറ്റും ഈ ക്രൂ തന്നെ പ്രവർത്തിപ്പിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

വിസ്താരയിലെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും അവരുടെ ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്പനി അവർക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്. പൂർണമായും വാക്‌സിൻ സ്വീകരിച്ച ക്യാബിൻ ക്രൂ ആണ് വിസ്താരയുടെ ഈ പ്രത്യേക വിമാനത്തിൽ പ്രവർത്തിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വിസ്താര ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കൃഷ്ണൻ വ്യക്തമാക്കുന്നു. എയർപോർട്ട്, കോർപ്പറേറ്റ് സ്റ്റാഫ്, ക്യാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുൾപ്പെടെ 100 ശതമാനം ജീവനക്കാർക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നൽകിയിട്ടുണ്ടെന്ന് വിസ്താര എയർലൈൻ അടുത്തിടെ ശക്തമായ പ്രഖ്യാപനം നടത്തിയിരുന്നു.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles