കന്യാകുമാരി…എത്ര പോയാലും കണ്ടുതീരാത്ത നാട്. കടലും തീരവും കടലുകളുടെ സംഗമവും ക്ഷേത്രങ്ങളും ഒക്കെയുള്ള ഒരിടം. ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലെ പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി കൂടിയാണ്. എണ്ണിത്തീർക്കുവാൻ പറ്റാത്ത ഇവിടുക്കെ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് ഒരുത്തരം പറയാനില്ല… എന്നാൽ ഇവിടെ വിട്ടുപോകരുതാത്ത കാഴ്ചകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. ചരിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു നിൽക്കുന്ന വിവേകാനന്ദപ്പാറയെക്കുറിച്ച് നോക്കാം
കന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽ നിന്നും കടലിലേക്ക് 500 മീറ്റർ അകലെയായാണ് വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത്. വിവേകാനന്ദ സ്വാമികൾ കടൽനീന്തിക്കടന്ന് പ്രാർഥിക്കുവാനായി പോയി എന്നു വിശ്വസിക്കപ്പെടുന്ന വിവേകാന്ദപ്പാറ. കന്യാകുമാരി കാണാനെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കടലിലേക്കിറങ്ങിക്കിടക്കുന്ന രണ്ടു പാറകളിൽ ഒന്നാണിത്.
ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിനു ശേഷം കന്യാകുമാരിയിലാക്കായിരുന്നു അദ്ദേഹം വന്നത്.
അന്ന് അഞ്ഞൂറ് മീറ്ററോളം ദൂരം കടൽ നീന്തിക്കടന്ന് അദ്ദേഹം ഇവിടുത്തെ പാറയിലൊന്നിൽ എത്തുകയും മൂന്ന് ദിവസം സമയം ചിലവഴിക്കുകയും ചെയ്തുവത്രെ.
1892 ഡിസംബർ 23,24,25 തിയ്യതികളിൽ കന്യാകുമാരിയിൽ അദ്ദേഹം സമയം ചിലവഴിച്ചു. ആ സമയം അദ്ദേഹം സമയം ചിലവഴിച്ച പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്.
;
കടലിലെ വിവേകാനന്ദപ്പാറയിലെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ വിവേകാനന്ദമണ്ഡപം. വിവേകാനന്ദ സ്വാമിയുടെ ഒരു വലിയ പ്രതിമ, ധ്യാനമണ്ഡപം, ശ്രീപാദ മണ്ഡപം തുടങ്ങിയവയാണ് ഇവിടെയുള്ളത്. 17 മീറ്റർ ഉയരത്തിലാണ് വിവേകാനന്ദന്റെ പ്രതിമ ഇവിടെയുള്ളത്. ആറേക്കറോളം സ്ഥലത്തായാണ് ഈ പാറ പരന്നു കിടക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു നിർമ്മാണ രീതിയാണ് ധ്യാനമണ്ഡപത്തിനുള്ളത്. വിവിധ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ നിന്നും കടംകൊണ്ടിട്ടുള്ള ഒരു മാതൃകയാണിതിൻരേത്.
ചരിത്രം മാത്രമല്ല, വിശ്വാസങ്ങളും വിവേകാനന്ദപ്പാറയുടെ ഭാഗമാണ്. കന്യാകുമാരി ദേവി ഒറ്റക്കാലിൽ നിന്ന് പ്രാർഥിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ശ്രീപാദപ്പാറ. ദേവിയുടെ പാദം പതിഞ്ഞ പാറ ഇന്നും ഇവിടെ കാണാം. കേരളത്തിൻറെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന ഒരിടമാണ് കന്യാകുമാരി. പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടം വിഭജനവും കേരളത്തിന്റെ രൂപീകരണവും സംഭവിച്ചപ്പോൾ തമിഴ്നാടിന്റെ ഭാഗമാവുകയായിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനമായ കന്യാകുമാരിയിലേക്ക് തിരുവനന്തപുരത്തു നിന്നും എളുപ്പത്തിലെത്താം. 85 കിലോമീറ്ററാണ് ഇവിടെ നിന്നും തിരുവന്തപുരത്തേക്കുള്ള ദൂരം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

