Monday, April 29, 2024
spot_img

നിലം പതിച്ച് ഉദ്ധവ് സർക്കാർ!മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരണം വേഗത്തിലാക്കി ബിജെപി; ഇന്ന് ഗവർണറെ കാണുമെന്ന് സൂചന

മുംബൈ: ഉദ്ധവ് സർക്കാർ നിലംപതിച്ചതോടെ മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണ നീക്കം വേഗത്തിലാക്കി ബിജെപി സർക്കാർ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ദേവേന്ദ്ര ഫട്‌നാവിസിനെ വീണ്ടും നിയോഗിക്കുമെന്നാണ് സൂചന. സർക്കാർ രൂപീകരണത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഫട്‌നാവിസിനെ ഇന്നലെ ബിജെപി എംഎൽഎമാരുടെ യോഗം ചുമതലപ്പെടുത്തിയിരുന്നു.

ഇന്നത്തെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് ഉദ്ധവ് സർക്കാർ ഇന്നലെ രാത്രിയോടെ രാജിവെച്ചത്. നിലവിൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കാണ് സർക്കാർ രൂപീകരണത്തിന് അവസരമായത. ഇതിനുളള അവകാശവാദവുമായി എംഎൽഎമാർക്കൊപ്പം ദേവേന്ദ്ര ഫട്‌നാവിസ് ഇന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരിയെ കണ്ടേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള വിമത ശിവസേന എംഎൽഎമാർ ബിജെപിയെ സർക്കാർ രൂപീകരണത്തിൽ പിന്തുണയ്‌ക്കുമെന്ന് സൂചനകൾ നൽകിക്കഴിഞ്ഞു. ഇത് കൂടാതെ മഹാവികാസ് അഖാഡി സഖ്യത്തെ പിന്തുണച്ച സ്വതന്ത്രരും പുതിയ സർക്കാരിന് പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവരുമായും ഇന്നലെ ഫട്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഫട്‌നാവിസ് ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളും ചർച്ചകളും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ ദിവസങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 106 എംഎൽഎമാരാണ് ഉളളത്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണ ഉറപ്പിച്ച് അധികാരത്തിലെത്താനാണ് നീക്കം. കോൺഗ്രസിന് 44 അംഗങ്ങളും എൻസിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎൽഎമാരും ഉണ്ട്.

Related Articles

Latest Articles