Saturday, May 4, 2024
spot_img

സൂപ്പർ ഹിറ്റായി വീട്ടിൽ വോട്ട് !അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ; പ്രക്രിയ ഏപ്രിൽ 25 വരെ തുടരും

തിരുവനന്തപുരം :മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്ന വീട്ടിൽ വോട്ട് പ്രക്രിയയിൽ അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. ഏപ്രിൽ 25 വരെയാണ് വീട്ടിൽ വോട്ട് പ്രക്രിയ വഴി വോട്ട് ചെയ്യാൻ സാധിക്കുക. സംസ്ഥാനത്ത് മാത്രം ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു

പോലീസ്, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച വിവരം സ്ഥാനാർത്ഥികളെയോ, സ്ഥാനാർത്ഥികളുടെ പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത മെറ്റൽ ബോക്സുകളിൽ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.

വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എൻഐസി തയ്യാറാക്കിയിട്ടുള്ള അവകാശം പോർട്ടലിലൂടെ യഥാസമയം ലഭ്യമാക്കാനും നിരീക്ഷിക്കാനും സാധിക്കും. കാസർഗോഡ് മണ്ഡലത്തിലെ വോട്ടറായ 111 വയസ്സുള്ള സി. കുപ്പച്ചിയമ്മ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് ഏറെ കൗതുകമായി. കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നേരിട്ട് വീട്ടിലെത്തി ഇവരെ അഭിനന്ദിക്കുകയുണ്ടായി.

കിടപ്പുരോഗിയായ ശിവലിംഗത്തിന് വോട്ട് ചെയ്യുന്നതിന് മാത്രമായി 18 കിലോമീറ്റർ വനമേഖലയിലൂടെ ഉദ്യോഗസ്ഥർ കാൽനടയായി യാത്ര ചെയ്തത് സജീവമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നൂറനടിയിലാണ് ഉദ്യോഗസ്ഥർ പ്രതിബന്ധങ്ങൾ താണ്ടി എത്തിയത്.

Related Articles

Latest Articles