തിരുവനന്തപുരം : കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച പോസ്റ്റ് പിൻവലിച്ച് തടിതപ്പി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ട്രോളായി ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നാണ് വി.ടി.ബൽറാമിന്റെ ന്യായീകരണം.
‘ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്ന അടിക്കുറിപ്പോടെ സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിൽക്കുന്ന ചിത്രമാണ് വി.ടി.ബൽറാം നേരത്തെ പങ്കു വച്ചത്.
വി.ടി.ബൽറാം ഇപ്പോൾ പങ്ക് വച്ച പോസ്റ്റ് വായിക്കാം
കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.

