Saturday, June 1, 2024
spot_img

തിരഞ്ഞെടുപ്പില്‍ ജയിക്കണം, പക്ഷേ അത് എതിരാളികളെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല- പാര്‍ലമെന്റില്‍ തുറന്നടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: ആശയങ്ങള്‍, പദ്ധതികള്‍, നേതൃത്വത്തിന്റെ ജനപ്രീതി, സര്‍ക്കാരിന്റെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബിജെപി എല്ലായിടത്തും തിരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയിക്കാന്‍ ആഗ്രഹിക്കുന്നതും അല്ലാതെ, എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ല എന്ന് തുറന്നടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. മാത്രമല്ല എല്ലായിടത്തും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അത് ലക്ഷ്യമിട്ടുകൊണ്ടാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ എന്തിനാണ് ഗോവയില്‍ പോയത്, നിങ്ങള്‍ എന്തിനാണ് ത്രിപുരയിലേക്ക് പോകുന്നത്, നിങ്ങള്‍ക്ക് പോകാന്‍ അവകാശമുണ്ട്, പോകരുത് എന്ന് ഞാന്‍ പറയാന്‍ പാടില്ല. എല്ലാ പാര്‍ട്ടികളും അവരുടെ ആശയങ്ങളും പരിപാടികളും പ്രകടനവുമായി എല്ലാ സ്ഥലങ്ങളിലും പോകണം, ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’ തൃണമൂല്‍ എംപി സൗഗത റോയിയുടെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായി അമിത് ഷാ പറഞ്ഞു.

മാത്രമല്ല അധികാരം നഷ്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്കേ എതിര്‍പാര്‍ട്ടിക്കാരെ ഭയമുണ്ടാകൂ. അവര്‍ ജനാധിപത്യത്തിന്റെ വാക്താക്കളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ എല്ലായിടത്തും മത്സരിക്കാനും ജയിക്കാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നൊടുക്കിയും കൊലപാതക പരമ്പരകള്‍ നടത്തിയും എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്തും അധികാരം പിടിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അത് ഞങ്ങളുടെ സംസ്‌കാരമല്ല’-പശ്ചിമ ബംഗാളിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ചൂണ്ടിക്കാട്ടികൊണ്ട് അമിത് ഷാ പറഞ്ഞു.

കൂടാതെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്നും ഇവര്‍ വര്‍ഷങ്ങളായി ആഭ്യന്തര തിരഞ്ഞെടുപ്പുകള്‍ നടത്താറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ആദ്യം സ്വന്തം പാര്‍ട്ടികളില്‍ തിരഞ്ഞെടുപ്പ് നടത്തുക ശേഷം രാജ്യത്തെ കുറിച്ച് സംസാരിക്കുക’- അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles