കരൂരിലെ ദുരന്തത്തിൽ ടിവികെ റാലി നടന്ന സ്ഥലത്തുണ്ടായ വൈദ്യുതി തടസത്തെച്ചൊല്ലിയുള്ള വിവാദം മുറുകുന്നു. റാലി നടന്ന സമയത്ത് വൈദ്യുതി തടസപ്പെട്ടതായി ടിവികെ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തമിഴ്‌നാട് വൈദ്യുതി വകുപ്പ് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോൾ റാലി നടക്കുന്ന പ്രദേശത്ത് സംഭവദിവസം താത്കാലികമായി വൈദ്യുതിവിതരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ നല്‍കിയ കത്ത് പുറത്തുവന്നതോടെ വിവാദം കൊഴുക്കുകയാണ്. പൊതുസുരക്ഷ കണക്കിലെടുത്ത് മേഖലയിലെ വൈദ്യുതി വിതരണം താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിവികെ ഭാരവാഹികള്‍ വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയത്. ടിവികെയില്‍നിന്ന് ഇത്തരമൊരു കത്ത് ലഭിച്ചതായി തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ടിവികെയുടെ ആവശ്യം വൈദ്യുതിബോര്‍ഡ് നിരസിച്ചതായി ചീഫ് എന്‍ജിനീയര്‍ രാജലക്ഷ്മി പ്രതികരിച്ചു.
നേതാവ് (വിജയ്) സംസാരിക്കുന്ന സമയത്ത് അല്പനേരത്തേക്ക് വൈദ്യുതി ഓഫ് ചെയ്യണമെന്നും കത്തിലുണ്ടായിരുന്നു. സംഭവദിവസം രാത്രി ഏഴുമണി മുതല്‍ ഏഴരവരെ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതായി കഴിഞ്ഞദിവസം ചില ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, റാലി നടന്ന വേദിയില്‍ വൈദ്യുതി തടസപ്പെട്ടിട്ടില്ലെന്നും ടിവികെ പരിപാടിക്കായി കൊണ്ടുവന്ന ഒരു ജനറേറ്ററിന്റെ തകരാര്‍ കാരണമാണ് ചില ഭാഗത്തെ ലൈറ്റുകള്‍ അണഞ്ഞതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പരിപാടിക്കിടെ പവര്‍കട്ട് ഉണ്ടായിട്ടില്ലെന്നും എന്നാല്‍, ടിവികെ പാര്‍ട്ടി വൈദ്യുതിവിതരണം നിര്‍ത്തിവെക്കാന്‍ അഭ്യര്‍ഥിച്ചിരുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ ഫാക്ട്‌ചെക്ക് വിഭാഗം അറിയിച്ചു.

